വൃദ്ധവിലാപം
പതിയെ നടക്കുകെന്‍ കരവും പിടിച്ചു നീ
സതിയായ്, സതീര്‍ത്ഥ്യനായ് കൂടെയുണ്ടല്ലോ ഞാനും
കരയാതെ തിരിഞ്ഞൊന്നു നോക്കിടാം പടിക്കല് നാം
കുടിവച്ചു വലതു കാല്‍ പതിച്ചോരീ തറവാട്ടില്‍
ഒത്തിരി പ്രതീക്ഷ തന്‍ പൂത്തിരി വെളിച്ചത്തില്‍
ഒത്തു നാം നട്ട മാവിന്‍ ചുവട്ടിലായ് അല്‍പ നേരം
നിത്യവും നനച്ചു, നല്തടങ്ങള്‍ തീര്‍ത്തു നമ്മള്‍
മുഗ്ദ്ധമായ് മുകര്‍ന്നു നിന്നെത്ര സന്ധ്യകള്‍ നിന്നെ
ഇന്നവള്‍ വളര്‍ന്നെത്ര പന്തലിച്ചഴകൊത്ത
വന്മരമായെന്‍ മുന്നില്‍, വമ്പോടെ വിരാജിപ്പൂ
അമ്മമരമാണിന്നവള്‍ , പൂക്കുലനിറഞ്ഞു,
പൂങ്കുരുവികള്‍ വിരുന്നുണ്ടു, മാമ്പഴ മധുരം
നുണഞ്ഞാനന്ദനൃത്തം വയ്ക്കും, അണ്ണാറക്കണ്ണന്മാരും
ഇന്നലെയെങ്ങോ നിന്നും വീശിയാ വിഷക്കാറ്റില്‍
ഇന്നിതു വരെക്കണ്ട സ്വപ്ങ്ങള്‍ തകര്‍ന്നല്ലോ
മാകന്ദമുഖം കറുത്താനന്ദ ഭാവം മാറി
മാങ്കൊമ്പു ചാഞ്ഞു ചരിഞ്ഞാ വീടിന്‍ തലയ്ക്കലായ്
വാര്‍ദ്ധക്യമെത്തും മുന്‍പേ, മക്കള്‍ തലയ്ക്കോങ്ങീടുന്ന
വാളിനെപ്പോലാമാവും ഉച്ചിയില്‍ തൂങ്ങീടവേ
അറുക്കാന്‍ കഴിഞ്ഞില്ല ഞാന്‍ നട്ടൂ നനച്ചാമോദം
വളര്‍ത്തിയ മാവെന്‍ ചിതയൊരുക്കാന്‍ തിടുക്കവേ
ഒത്തിരി പ്രതീക്ഷ തന്‍ പൂത്തിരി വെളിച്ചത്തില്‍
ഒത്തു നാം നട്ട മാവിന്‍ ചുവട്ടിലായ് അല്‍പ നേരം
ഇരിക്കാം, തണുപ്പിറ്റു തരുമോ ആവോ? പിന്നെ
നടക്കാം, നിന്‍ കരവും പിടിച്ചേകരായ്, അനാഥരായ്
പതിയെ നടക്കുകെന്‍ കരവും പിടിച്ചു നീ
സതിയായ്, സതീര്‍ത്ഥ്യനായ് കൂടെയുണ്ടല്ലോ ഞാനും
ദീപക് ജി നായര്‍
Not connected : |