ധ്രുവ നക്ഷത്രത്തേയും കാത്ത്... - മലയാളകവിതകള്‍

ധ്രുവ നക്ഷത്രത്തേയും കാത്ത്... 


തീരത്തിലേക്ക് നയിക്കാൻ
ഒരു ധ്രുവ നക്ഷത്രം പോലുമില്ലാതെ
ഇരുട്ടിന്റെ മഹാസമുദ്രത്തിലൊരു
നൗക ഗതിയില്ലാതെ അലയുന്നുണ്ട്

അരാഷ്ട്രീയ ബുദ്ധിജീവികളുടെ
കൂർത്ത മൌനങ്ങൾ
പ്രഹേളികയുടെ പുറന്തോടിൽ
ചിലതൊക്കെ ആലേഖനം ചെയ്യുന്നുണ്ട്

അഭിനവ ഖദർധാരികളാൽ
മാനഭംഗം ചെയ്യപ്പെട്ട ഒരു വൃദ്ധൻ
തെരുവിൽ കുനിഞ്ഞു നിന്ന്
കണ്ണീർ വാർക്കുന്നുണ്ട്

അവകാശ സമരങ്ങളുടെ
ഇങ്കുലാബ് വിളികൾക്കിടയിൽ
യൂണിയൻ നേതാവിനൊരു
കൊട്ടാരമുയരുന്നുണ്ട്

ഗംഗയുടെ ആത്മാവിനുള്ളിൽ
വിഷ സർപ്പങ്ങൾ കൂട് കൂട്ടിയപ്പോൾ
പോഷകനദികൾ ഭാരമാണെന്ന്
അവൾ മുറുമുറുക്കുന്നുണ്ട്

പല ശുഭയാത്രകളും
യൂദാസിന്റെ മനസ്സിൽ നിന്നാരംഭിച്ചു
സാത്താന്റെ കൊട്ടാരത്തിൽ
ചെന്നവസാനിക്കുന്നുണ്ട്

ജന്നത്തിലേക്ക് നീണ്ടു പോകുന്ന
മാദീനാ പാതയുടെ ഗതി
നരകത്തിലേക്ക് തിരിച്ചു വിടാൻ
ചിലർ ശ്രമിക്കുന്നുണ്ട്

നക്ഷത്രങ്ങൾ ഉരുകിയൊലിക്കുമ്പോൾ
ഗ്രഹങ്ങൾ ഛിന്നഭിന്നമാകുമ്പോൾ
ചന്ദ്രൻ പൊട്ടിപ്പിളരുമ്പോൾ
ഒരു കുരുവി ഇങ്ങനെ തേങ്ങാതിരിക്കില്ല
'എന്തിനായിരുന്നു ഇതെല്ലാം '


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:15-10-2013 10:19:04 PM
Added by :Abdul shukkoor.k.t
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :