ഒരു വൃക്ഷത്തിന്റെ ഗദ്ഗദങ്ങൾ
വാസന്ത കോകിലംവന്നു വിളിച്ചപ്പോൾ
ചാരു ലതകളിളകിയാടി
നീയാകും വല്ലിയെൻ തനുവിൽ പടർന്നപ്പോൾ
ചില്ലകൾ ആനന്ദ നൃത്തമാടി
നിൻ കരലാളനമേറ്റപ്പോളെൻ കരൾ
കുളിർ കോരി മെല്ലെ കുണുങ്ങി നിന്നു
ആത്മഹർഷങ്ങളിലാത്മാവ് പൂകവേ
പൂക്കാലം തലയിൽ ഞാനേറ്റി നിന്നു
കുഞ്ഞുണ്ണികൾ പൂവിൽ നിന്നുമുയിർക്കൊണ്ടു
അത് പിന്നെ മധുര ഫലങ്ങളായി
ആയിരമായിരം കിളികളെൻ ശിഖരത്തിൽ
കൂട് കൂട്ടിക്കൊണ്ടു പാട്ട് പാടി
ഞാനാം മരത്തിനെ ചുറ്റിപ്പടർന്നോരാ
വല്ലീ, നീ ഊറ്റിയെൻ മജ്ജയെല്ലാം
എന്നുടെ താരുണ്യസ്വപ്നത്തിൽ വന്നു നീ
കൈയൊപ്പ് ചാർത്തിക്കൊണ്ടെങ്ങു പോയി
ചോണനുറുമ്പുകൾ നെഞ്ചിലെരിത്തീയായ്
കരളിൻ കിനാക്കളടർത്തി മാറ്റി
ശീതക്കാറ്റെനുടെ താരുണ്യമൊക്കെയും
നിഷ്ഫലമാക്കി പരിഹസിച്ചു
ഉഷ്ണക്കാറ്റെനുടെ ഹൃദയകവാടങ്ങൾ
ഊഷരമാക്കി കടന്നു പോയി
അന്നെൻ ശിഖരത്തിൽ കൂട് കൂട്ടാൻ വന്ന
കിളികളിന്നില്ല ;യുറുമ്പുമില്ല
അന്നെന്റെ കനവുകൾ മൊത്തിക്കുടിച്ചോരാ
വല്ലിയുമിന്നെന്നെ കൈവെടിഞ്ഞു
മുമ്പെൻ മണിവീണ മീട്ടാനോടി വന്ന
വാസന്തവുമെന്നെയറിയാതായി
ജീർണ്ണിച്ചു വേരുകൾ;അഴുകിയെൻ ശിഖരങ്ങൾ
ഇലകളെല്ലാം വാടി വീണു പോയി
ആരുടെയൊക്കെയോ ചിതയിലെരിയേണ്ട
പാഴ് തടി തന്നുടെ പാഴ് ജന്മം,ഹാ !
Not connected : |