എന്റെ പ്രിയ മലയാള നാടേ...... - തത്ത്വചിന്തകവിതകള്‍

എന്റെ പ്രിയ മലയാള നാടേ...... 

എന്റെ പ്രിയ മലയാള നാടേ......
=====================
മാതൃഹത്യതന്‍ ഗ്രസ്തപാപത്താല്‍
പതിതനാം ഭൃഗുരാമന്റെ ദുഃഖങ്ങള്‍
ഭൂമിദാനമായ് നല്കി, ശൂന്യമായ്
ഹൃദയവും കൈത്തലങ്ങളും നീട്ടി
തപസ്സിനായ് പര്‍ണ്ണശാലതേടവെ,
ആഞ്ഞെറിഞ്ഞൊരു മഴുപതിച്ചിഹ
കേരളത്തിന്നു ജന്‍മമേകുവാന്‍
സര്‍വ്വനന്മതന്‍ മലര്‍നികുഞ്ജങ്ങള്‍
നിറച്ച പൂപ്പാലികപോലെയാണീ
നിറഞ്ഞു നില്‍ക്കുമീ സുകൃതയാം ഭൂമി
ഇളകുമോളങ്ങളുമ്മ വെയ്ക്കുന്ന
സാഗരത്തിന്റെ തീരമാം ഭൂമി
അതിവിശിഷ്ടമാം ഗര്‍വ്വിനാല്‍ തീര്‍ത്ത
ഗിരിശിഖരങ്ങള്‍ക്കു സൗധമാം ഭൂമി
ഒഴുകിയോടുന്ന ചോലകള്‍ ,നീണ്ട
പുഴകള്‍, ഐശ്വര്യമേകിടും ഭൂമി
പ്രകൃതിദേവിതന്‍ സര്‍വ്വ സ്നേഹവും
വര്‍ഷധാരയായ് തന്നൊരീ ഭൂമി
ഹരിത ഭംഗിതന്‍ അമൃതിഗീതിപോല്‍
പുളകമായ് മനം കവരുമീ ഭൂമി
ലാസ്യനര്‍ത്തനം ചെയ്യുമീ കേര-
പത്ര വിസ്മയം അതിരിടും ഭൂമി
അന്നവും ഫലമൂലമേകിയു-
മനുഗ്രഹിക്കുന്ന പുണ്യമാം ഭൂമി
നല്‍കിയാരോ അറിഞ്ഞു നാമമീ
നാടിന് 'ദൈവത്തിന്റെ സ്വന്തം നാട്'
അര്‍ത്ഥശങ്കയാല്‍ കണ്‍മിഴിക്കട്ടെ
കുടിയിരിക്കുന്നതെങ്ങു പുണ്യമാം
ഈശ്വരന്റെ ചൈതന്യമീ മണ്ണില്‍!
ഇവിടെയിന്നു നാം കാണ്‍മതൊക്കെയും
ക്രൗര്യ താണ്ഡവക്കൂത്തരങ്ങുകള്‍,
നന്‍മതന്‍ മധുര കോകില സ്വനം
കേള്‍ക്കുവാന്‍ കാതു കാത്തിരിക്കവെ
ആര്‍ത്തലയ്ക്കുന്ന പൈതലിന്‍ ദീന
രോദനം കേട്ടു കാതുപൊത്തണം.
കേഴുമമ്മതന്‍ തേങ്ങലോ ഹൃത്തി
ലാഴമേറുന്ന മുറിവുതീര്‍ക്കുന്നു.
സത്യധര്‍മ്മങ്ങളെവിടെയൊ ദൂരെ
മധുരമായൊരു സ്വപ്നമായ് മാറി
..............................................
എവിടെ ഞാന്‍ തേടുമരുമയാമെന്റെ
സുഭഗസുന്ദര വശ്യഭൂമിയേ..
എവിടെയാണെന്റെ സസ്യശ്യാമള
കേരളാംബതന്‍ പൊന്‍മുഖം!


up
1
dowm

രചിച്ചത്:മിനി മോഹനന്‍
തീയതി:01-11-2013 09:52:04 AM
Added by :Mini Mohanan
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :