ചുവന്ന ചിന്തകള്‍  - തത്ത്വചിന്തകവിതകള്‍

ചുവന്ന ചിന്തകള്‍  

നെഞ്ചിലെക്കൂടിന്നു മുകളിലായിന്നലെ
ഇരുളില്‍ പതുങ്ങിയെറിഞ്ഞു നീ നല്‍കിയ
ചെമ്പരത്തിപ്പൂവിതള്‍തന്‍ ചുവപ്പും
കണ്‍കളില്‍ കനലുകളെരിച്ചു നീ കാത്തൊരാ
പക പുകയും ആല തന്‍ വറുതിച്ചുവപ്പും
പ്രിയസഖി എനിയ്ക്കായി മാത്രം വിരിയിച്ച
പനിനീരിലുറയുന്ന പ്രേമചുവപ്പും
പ്രണയ പ്രതീകമായ് നെറ്റിയിലവള്‍ തൊട്ട
മായുന്ന കുങ്കുമപ്പൊട്ടിന്‍ ചുവപ്പും
ചന്ദനമുട്ടികള്‍ ആര്‍ത്തി പൂണ്ടപ്പാടെ
ചുറ്റിപ്പിണയ്ക്കുന്നൊരഗ്നിച്ചുവപ്പും
കതിരിടും മുന്‍പേയെന്‍ കനവുകളത്രയും
കൊത്തിപ്പറന്നോരാ കഴുകന്റെ ചുണ്ടിലായ്
ഇനിയുമുണങ്ങാതെ നുണയവേ, ഇറ്റുന്ന
ചൂടു മാറാത്തൊരെന്‍ ചോരച്ചുവപ്പും
കരഞ്ഞു കൊണ്ടെത്തി, ഞാനൊരുപാട് കരയിച്ചു
പിരിയവേ‍,
അമ്മതന്‍ മനസ്സിലെ നൊമ്പരം തുള്ളുന്ന,
കോമരക്കോലങ്ങള്‍ കെട്ടുന്ന പട്ടിന്‍ ചുവപ്പും
തെളിയാം, ചുവപ്പായി ഇനിയുമാ വാനില്‍ ഞാന്‍
ചുവപ്പ് മാത്രം പൂക്കുമീ മണ്ണിന്നു സാക്ഷിയായ്


up
0
dowm

രചിച്ചത്:ദീപക് ജി നായര്‍
തീയതി:09-11-2013 10:08:53 PM
Added by :Deepak G Nair
വീക്ഷണം:195
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :