ഭ്രാന്തിന്‍ നിറങ്ങള്‍...
ഒരു നാള്‍ ഉറക്കമുണരുമ്പോള്‍
എന്‍റെ മനസ്സിന്‍റെ താളം തെറ്റിയിരുന്നെങ്കില്‍!...
ആ നാളെന്‍ ഹൃദയത്തിന്‍
സ്വാതന്ത്ര്യപ്പുലരിയായേനെ...
മനസ്സിന്‍ ചക്രവാളസീമകള്‍ ഭേദിച്ചു ഞാന്‍
കാറ്റിലലിഞ്ഞു പറന്നുയരുമ്പോള്‍
ആദ്യമായ് ഞാനറിയും എന്‍
ഹൃദയം അറിയാന്‍ കൊതിച്ചതെല്ലാം!
മറയ്ക്കേണ്ടതായുണ്ടാവില്ലൊന്നുമതില്‍പ്പിന്‍-
എന്‍ കണ്ണീരും കനവും ആശകളുമൊന്നും
ഹൃദയം വരിഞ്ഞുമുറുക്കിയിരുന്ന
കനപ്പെട്ട ചങ്ങലകള്‍ ഇനിയില്ലല്ലോ!
സ്വാതന്ത്ര്യത്തിന്‍ മധുരം നുണഞ്ഞാ-
ദ്യനിശ്വാസത്തില്‍ പാടിയാര്‍ക്കുമെന്‍
ഹൃദയം പറയാന്‍ കൊതിച്ചതെല്ലാം...
അണപൊട്ടിയൊഴുകുമൊരുപുഴപോലതെല്ലാം...
പൂക്കാതെ കൊഴിഞ്ഞതാമെന്‍ സ്വപ്നങ്ങളും
പറയാതെ പോയൊരാ പ്രണയവും
മിഴിനനച്ചോരോ ഓര്‍മ്മകളും
കൊടും മഴയില്‍ തനിച്ചായ നിമിഷങ്ങളും
തീര്‍ക്കാതെ ബാക്കിയാം കടങ്ങളും
ലക്ഷ്യമെത്താത്തൊരീ യാത്രയും! എല്ലാം...
കടും നിറങ്ങളായൊഴുകിപ്പരക്കും
എന്‍റെ മുറിതന്‍ നാല് ചുവരുകള്‍ക്കുള്ളില്‍!
കാലില്‍ ചങ്ങലകള്‍ വീണുകൊള്ളട്ടെ!
ഹൃദയം സ്വതന്ത്രമായി മിടിക്കുന്നിടത്തോളം!!
ചുറ്റും ഇരുട്ട് പരന്നു കനത്ത് കൊള്ളട്ടെ!
എന്‍ കണ്‍കളില്‍ നിറങ്ങള്‍ മായാത്തിടത്തോളം!!
ഭ്രാന്തമാമെന്‍ ആശാഭിനിവേശങ്ങള്‍
മായാത്ത നിറങ്ങളായെന്‍ മുന്നിലുണ്ടല്ലോ...
ഹൃദയം മരവിപ്പിക്കുമീ ഇരുട്ടിന്‍ നടുവിലും
കത്തിജ്ജ്വലിക്കുന്നതാമെന്‍ ഭ്രാന്തിന്‍ നിറങ്ങള്‍ !
Not connected : |