വരിക നീ വീണ്ടും ...... - തത്ത്വചിന്തകവിതകള്‍

വരിക നീ വീണ്ടും ...... 


വരിക നീ വീണ്ടും ......
================
ഒരു കുഞ്ഞിളങ്കാറ്റു പാറിപ്പറന്നു
വന്നെന്നെത്തഴുകിക്കടന്നുപോയി

ഒരുപനീര്‍പ്പൂവിന്‍ സുഗന്ധവും
ചേര്‍ത്തുവെച്ചെങ്ങോമറഞ്ഞങ്ങു ദൂരെ

ധനുമാസക്കുളിരിലും കത്തിജ്ജ്വലിക്കുന്ന
കതിരവന്‍ നില്‍പ്പുണ്ട് മേലേ

ഏറെജ്ജ്വലിക്കും മനസ്സുമായ് മാനുഷര്‍
ഉഴറുകയാണിന്നു ഭൂമിയില്‍

അധര്‍മ്മത്തിന്‍ തീക്ഷ്ണമാം തീജ്ജ്വാല
തീര്‍ക്കുന്ന ഹോമകുണ്ഠത്തില്‍ ഹവിസ്സായ്

എന്നിട്ടുമെന്തിനോ കാറ്റിന്റെ തുണ്ടൊന്നു
കുളിരും കൊണ്ടോടിയിങ്ങെത്തിയില്ലേ

എങ്ങുനിന്നെത്തിയെന്നറിയില്ല നീ പിന്നെ
എവിടേയ്ക്കു പോണതെന്നറിയില്ലയെങ്കിലും

ഒരുമാത്ര നിന്നെ ഞാന്‍ സ്നേഹിച്ചുപോയി
നിന്‍ വിരല്‍ തൂവലിന്‍ കൊച്ചു തലോടലില്‍

പൂത്തുനില്‍ക്കുന്നോരാ ബാലമാകന്ദമോ
പൂവാടി തീര്‍ക്കും വസന്തോല്‍സവങ്ങളോ

പാര്‍ത്തങ്ങു നില്‍പ്പതാം നിന്നനുരാഗില-
മാലിംഗനത്തിനായ് പിന്നെയും പിന്നെയും

നിനക്കായി മാത്രമങ്ങകലെയെങ്ങോ പൂത്ത
പാരിജാതത്തിന്‍ സുഗന്ധം പരത്തിനീ

വീശിയിങ്ങെത്തുക വീണ്ടുമെനിക്കായി
വെണ്‍ചാമരത്തിന്‍ കുളിര്‍ത്തെന്നലായ്


up
0
dowm

രചിച്ചത്: മിനി മോഹനന്‍
തീയതി:28-11-2013 07:14:53 AM
Added by :Mini Mohanan
വീക്ഷണം:235
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


MD
2013-11-29

1) നല്ല ഈണമുള്ള കവിത..


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)