സത്യം - മലയാളകവിതകള്‍

സത്യം 


---------------------

പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരി ക്കുമ്പൊളാണു
വാതിലിൽ മുട്ട് കേട്ടത് !
അപരിചിതത്വത്തിന്റെ അമ്പരപ്പ് മുന്നിൽ!
നൂറ്റാണ്ടുകൾ ഉറങ്ങുന്ന കണ്ണുകളും
ചരിത്രങ്ങൾ ഒളി പ്പിച്ച നാറിയ മുടിക്കെട്ടും
ഭയത്തിന്റെ ശരീരഭാഷയുമായി,
ഒരു വൃദ്ധ സ്ത്രീരൂപം!
"ആരാ?"
"ഞാൻ സത്യം !"
"കണ്ടിട്ടു തീരെ മുഖപരിചയമില്ല .."
"നിങ്ങൾ വായിക്കുന്ന പത്രങ്ങളിലും,
നിങ്ങൾ കാണുന്ന ചാന്നലുകളിലും
നിങ്ങൾ കേൾക്കുന്ന വാർത്തകളിലും
ഞാനില്ല,
പിന്നെങ്ങനെ മുഖപരിചയമുണ്ടാവും?"
"ഇപ്പോൾ വന്നത്?"
"എനിക്ക് മരിയ്ക്കാൻ ഒരിടം വേണം "
"നിങ്ങൽക്കാരുമില്ലെ?"
"കുഞ്ഞേ,
ഒരുപാടു നൂറ്റാണ്ടുകളിൽ
ഒരുപാടു പേരെ പ്രണയിച്ച വളാണു ഞാൻ !

ദ്വാപരത്തിൽ കൃഷ്ണ വർണമുള്ള
ഒരു കാലിച്ചെറു ക്കനെ ,
എന്റെ സംഗീതത്തെ ഓട ക്കുഴലിലാക്കി
അവൻ കടന്നുകളഞ്ഞു !
പിന്നീടൊരിക്കൽ ലുംബിനിയിലെ
കാതുനീണ്ട രാജകുമാരനെ !
ഗയയിലെ ബോധിവൃക്ഷച്ചുവട്ടിൽ വെച്ചു, അദ്ദേഹം
എന്റെ ചിന്തകളേയും കൊണ്ടുപോയി !

ജെറുസലേമിലെ ആട്ടിടയ്ന്മാരിലെ
താടിയും മുടിയും നീട്ടിയ സുന്ദരനായ ചെറുപ്പക്കാരനെ !
മരക്കുരിശിലെ ആണിക്കൂർപ്പുകളിൽ തറഞ്ഞുകിടന്നു
എന്റെ വേദനകളെ അവൻ സ്വന്തമാക്കി !

മക്കയിലെ മണലാരണ്യങ്ങളിൽ
സാഹോദര്യത്തിന്റെ പ്രവാചകനെ !
ബലിദാനതിലൂദെ എന്റെ
ത്യാഗത്തിനെ അദ്ദേഹം കവർന്നു !

സബർമതിയുടെ തീരത്ത് വെച്ച്
മൊട്ടത്തലയും വട്ടക്കണ്ണടയുമുള്ള
അർദ്ധ നഗ്നനായ ഫകീറിനെ !
രാജ്യത്തിനു വേണ്ടിയുളള പോരാട്ടത്തിൽ
എന്റെ അഹിംസ അയാൾ തട്ടിയെടുത്തു !

കൊല്ക്കത്തയിലെ തെരുവുകളിൽ
അഗതികളുടെ കണ്ണീരൊപ്പുന്ന അമ്മയെ !
വേദനിക്കുന്നവരുടെ സങ്കടങ്ങളിലൂടെ
എന്റെ സ്നേഹത്തെ അവർ കൈക്കലാക്കി !

പിന്നെ
പലപ്പോഴായി
പലയിടങ്ങളിലായി
പലർ
എന്റെ വാക്കുകളെ,
എന്റെ കവിതകളെ ,
എന്റെ ആത്മാവിനെ ,
അങ്ങനെ അങ്ങനെ
ഇപ്പോൾ ഈ ഞാൻ അഗതിയായി നിൻറെ മുൻപിൽ!

ഇപ്പോൾ കുറെ
ത്രിശൂലങ്ങളും
തോക്കുകളും ബോംബുകളും
മതങ്ങളും ഇസങ്ങളും കൂടി
എന്നെ വ്യഭിചരിച്ചു തുടങ്ങിയപ്പോൾ
സുഖമായൊന്നു മരിക്കാൻ
ഒരിടം തേടി ഇറങ്ങിയതാണ് !
കുഞ്ഞേ ,
സത്യത്തിനിപ്പോൾ വയസ്സായി !"


up
0
dowm

രചിച്ചത്:യു എസ് നാരായണൻ
തീയതി:18-12-2013 01:37:34 PM
Added by :Narayanan U Subrahmanian
വീക്ഷണം:197
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :