മഹാനിദ്ര
ഇനിയെനിക്കാവില്ലീ ഇരുളിന്റെ ചില്ലയിൽ
മുഖം കുനിച്ചിരിക്കുവാൻ....
മൗനം കുരുക്കിട്ട കൂട്ടിലെ കുളിരുന്ന
കാറ്റിന്റെ കൂടെ തനിച്ചിരിക്കാൻ..
എവിടെയോ നിലയ്ക്കാത്ത പാട്ടിന്റെ
ചിന്തു കേൾക്കുന്നു.
എന്റെ ആത്മാവിലാവാം, പുലർന്ന
സ്വപ്നങ്ങളിലാവാം,
ഇരുളിലൂടിറ്റു വീഴുന്നു തരി വെട്ടം
പോയ ജന്മങ്ങളിലേതാവാം
പൈതൃകത്തിൽ തുള വീണതാവാം
ഇനിയെനിക്കാവില്ലെൻ തൂവലിൻ തൂലികയിൽ
നിറം മാഞ്ഞ ചായം നിറയ്ക്കുവാൻ
ഇനിയെനിക്കാവില്ലീ പൊട്ടിയ തന്ത്രികൾ
ചുരത്തുന്ന പാട്ടിറ്റു നൽകുവാൻ
ഇനിയെനിക്കുണരണം ഈ മഹാനിദ്രയിൽ നിന്ന്
കനിവിന്റെ അവസാന ചന്ദ്രോദയം കാണാൻ
ഇനിയെന്റെ മൗനവും ഏറ്റു പാടണം
സ്വപ്നങ്ങളിൽ കണ്ട ലോകത്തിനെ പറ്റി
ഇനിയെന്റെ തൂലികയിൽ പകരണം
ഞാനെന്റെ മോഹങ്ങളിൽ നിന്നുതിർന്ന ജീവരക്തം
Not connected : |