ഇടപെടലുകളിലെ ദൈവം
ഞാൻ സ്വപ്നം കാണാൻ പഠിച്ചിരിക്കുന്നു
വിഹ്വലതക്കിടയിൽ
പൊട്ടിച്ചിരിക്കാൻ പഠിച്ചിരിക്കുന്നു
വേർപെട്ടുപോയ മകനെയോർത്ത്
വേപധു കൊള്ളുന്ന അമ്മയുടെ
സങ്കടക്കടലിന്റെ ആഴമളക്കാൻ പഠിച്ചിരിക്കുന്നു
കൈവെള്ളയിൽ കിടന്നു കരയുന്ന
കുഞ്ഞിന്റെ വിശപ്പറിയാനും
താളപ്പിഴകൾ വന്നുപോയ
ജീവന്റെ തുടിപ്പും താളവും
താളാത്മകമായി അറിയാനും
ഞാൻ പഠിച്ചിരിക്കുന്നു
എന്നിട്ടും ,
ബാല്യത്തിൽ ഒഴുക്കിവിട്ട
കടലാസ് തോണിയുടെ ഗതിവിഗതികളെക്കുറിച്ചുപോലും
മുൻ കൂട്ടി പ്രവചിക്കാനോ
വിധിയുടെ അർത്ഥതലങ്ങളെ
പൂർണ്ണാർത്ഥത്തിൽ ഉൾകൊള്ളാനോ
എനിക്കാവുന്നില്ലല്ലോ ....!
ഈ നിസ്സാരതക്കിടയിൽ വീണ്ടും , ദൈവമേ
ഞാൻ ഒന്നുമല്ലാതാവുകയാണല്ലോ ..!
Not connected : |