നിർവചനങ്ങൾക്കു വഴങ്ങാത്ത ഞാൻ - തത്ത്വചിന്തകവിതകള്‍

നിർവചനങ്ങൾക്കു വഴങ്ങാത്ത ഞാൻ 


ഞാൻ-

മരുഭൂമിയിലെ കോണ്‍ക്രീറ്റുമരങ്ങളിൽ
വസന്തത്തിന്റെ ആരവങ്ങൾ
കാതോർക്കുന്ന പക്ഷി

ഒരു മുളന്തണ്ടിന്റെ
നേർത്ത ചുണ്ടുകളിൽ
സംഗീതക്കാറ്റാവാൻ കൊതിച്ചവൻ

ഇന്നലെകളുടെ ഉത്ഥാനപതനങ്ങൾക്കിടയിൽ
മണ്ണിനടിയിലകപ്പെട്ടു പോയ
കുഴിച്ചെടുക്കാനാകാത്ത അമൂല്യനിധി

പഴുത്ത മാമ്പഴത്തിനുള്ളിലെ
പഴുക്കാത്ത മനസ്സിൽ
പിറവി തേടുന്നവൻ

കാലത്തിനോടൊപ്പം കുതിക്കുമ്പോൾ
കാല്പനികപ്രളയത്തിലേയ്ക്കു കാലിടറി വീണു
മുങ്ങിച്ചത്തവന്റെ ആത്മാവ്

ഭ്രാന്തന്റെ മാറാപ്പിലെ
അഴുകി ദ്രവിച്ച
കീറത്തുണി

മരണ ഭാഷയിൽ സംസാരിക്കുന്ന
മൗനത്തിന്റെ മുകളിൽ അടയിരിക്കുന്ന
മരിക്കാത്തവന്റെ ആത്മാവ്

നാളത്തെ രക്തപ്പുഴകളിലൂടെ
ആത്മാക്കളെ വഹിച്ചു കൊണ്ടുപോകുന്ന
കറുത്ത തോണികളുടെ ഗതി നിയന്ത്രിക്കുന്നവൻ

നിർവചനങ്ങൾക്കൊന്നും
പിടി കൊടുക്കാതിരിക്കുന്നതാണ്
എന്റെ വിജയം !
അഥവാ
പരാജയം !


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:21-04-2014 05:24:59 PM
Added by :Abdul shukkoor.k.t
വീക്ഷണം:220
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :