മൊണാലിസ  - മലയാളകവിതകള്‍

മൊണാലിസ  

ഹൃദയാന്തരാളത്തിലെ ദുഃഖനീലിമയിൽ
നെഞ്ചിടിപ്പുകളുടെ വെള്ളിടികൾ

കണ്‍കളിലെ നരച്ച ആകാശത്തു നിന്നും
വറുതിയുടെ കനൽപെയ്ത്തുകൾ

മനസ്സിന്റെ ഊഷരനിലങ്ങളിൽ
ഉറക്കു കുത്തിയ സ്വപ്നജഡങ്ങൾ

എന്നിട്ടുമവൾ എല്ലാമൊരു
നിഗൂഡഹാസത്തിലൊളിപ്പിച്ചു ,
ഉപ്പുകാറ്റിന്റെ ഗാഢാശ്ലേഷമേറ്റു
വിളറി വെളുത്തു വരണ്ട ചുണ്ടുകൾ
വായിലെ ചുടുനീരിൽ നനച്ചു
ചിത്രകാരന്റെ മുന്നിൽ

അവളുടെ മുൾവഴികളിൽ നിന്നും
നിർവൃതിയുടെ ഒരു നിമിഷം മാത്രം
അയാൾ ലോകത്തിനേകുന്നു

നിമിഷത്തിന്റെ ഗഹനനിശ്ചലതയെ
അയാൾ അനശ്വരമാക്കുന്നു

ഒരു നിശ്ചലഭാവത്തിൽ നിന്നും ലോകം
ശുഭാശുഭങ്ങളുടെ ജന്മപത്രിക നെയ്യുന്നു

ഉറഞ്ഞു പോയ ഭാവത്തിന്റെ
ഭൂതവർത്തമാനം തേടി കവി മാത്രം


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:24-05-2014 05:07:58 PM
Added by :Abdul shukkoor.k.t
വീക്ഷണം:181
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)