ശരണാര്‍ത്ഥികളുടെ ആത്മാക്കൾ       
    
 സ്വേച്ഛയാ ഉണ്ടാകുന്നതല്ല വിശപ്പ് 
 വിശപ്പടക്കുന്നതൊരു പാപവുമല്ല 
 എന്നിട്ടും, 'കള്ളത്തിപ്പൂച്ച 'യെന്നു മുദ്ര കുത്തി 
 ആരോ  അതിനെ തല്ലിക്കൊന്നു  
 അമ്മായീന്റെ വീട്ടുമുറ്റത്തു കൊണ്ടേയിട്ടു 
 
 അമ്മായീന്റെ  തീറ്റേം  കുടീം 
 കെടത്തോം  ഒറക്കോം  ഒക്കെ  ഒറ്റമുറിയിൽ .
 സ്വാധീനമില്ലത്തൊരു കാൽ .
 മറ്റേ കാലിലെ സർക്കസ്സായിരുന്നു 
 അവർക്കു  ജീവിതം .
 നിറങ്ങൾ തിരിച്ചറിയും മുമ്പേ 
 അതു പരിചയപ്പെടുത്തേണ്ടവർ മണ്ണടിഞ്ഞു .
 കണ്ടവന്റെയൊക്കെ അടുക്കള നെരങ്ങീം 
 എച്ചിലെടുത്തും  പുരുഷ ഗന്ധമറിയാതേം 
 യൗവനം പെയ്തു തീർന്നു .
 വൈകുന്നേരങ്ങളിൽ 
 ലോകത്തെ പ്രതിക്കൂട്ടിലാക്കി 
 വിചാരണ നടത്തും .
 അപ്പോ അമ്മായീന്റെ മുറ്റം 
 ഒരു കോടതി മുറിയാകും  
 
 ആ വിചാരണകളുടെ 
 ന്യായാനായങ്ങൾ അറിയുന്ന 
 ഒരേ ഒരു ജീവി പൂച്ചയായിരുന്നു .
 അമ്മായീന്റെ കണ്‍ചലനങ്ങൾ വരെ 
 പൂച്ചയ്ക്കറിയാന്നു നാട്ടാര് .
 സ്നേഹപാശത്താൽ ബന്ധിക്കപ്പെട്ട 
 ശരണാർത്ഥികളുടെ ആത്മാക്കൾ 
 
 പൂച്ച ചത്തന്നു വൈകുന്നേരം 
 അമ്മായി  മിണ്ടീല  .
 രാത്രിയെപ്പോഴോ, 
 കനൽവർഷങ്ങളിൽ വെന്തു പോയ 
 തന്റെ ശരീരത്തെ ഉറക്കി കിടത്തി 
 അവർ ഇറങ്ങി നടന്നു,
 പൂച്ചയെത്തേടി ....
      
       
            
      
  Not connected :    |