1.1 ശവക്കല്ലറയിലെ തേങ്ങലുകള്‍
ശവക്കല്ലറയിലെ തേങ്ങലുകള് കേട്ടിട്ടുണ്ടോ ?
ഇരുട്ടിന്റെ കരിമ്പടം വാരിച്ചുറ്റി നനഞ്ഞ
മണ്ണില് തളര്ന്നുറങ്ങുന്ന ആത്മാവിന്റെ
ജീര്ണ്ണിക്കുന്ന തേങ്ങലുകള് കേട്ടിട്ടുണ്ടോ ?
അലസമായ് പെയ്യുന്ന മഴയുടെ മൂളലില്
അലിഞ്ഞിറങ്ങിയ വേര്പാടിന് വിങ്ങലുകള്
ശൂന്യതയെ പുണര്ന്നിട്ടും ഉറക്കെയൊന്നു
കരയാന് പോലും കഴിയാത്ത ആത്മാവുകള്
ചെവിയോര്ത്താല് കേള്ക്കാന് കഴിയില്ല
അകാലത്തില് കൊഴിഞ്ഞ പൂവിന്റെ രോദനം
മനസ്സ് ചേര്ത്ത് വച്ച് നോക്കൂ ചെറു
തേങ്ങലുകള് മുഴങ്ങി കേള്കാന് കഴിയും
ചില്ലിന് പിറകില് ഒട്ടിച്ചു ഭിത്തിയില്
തൂക്കി മാലയിട്ട ചിത്രത്തില് നോക്കി
ജീവന് നിലച്ച കണ്ണുകളുമായി കഴിയുന്ന
ഒരമ്മയെയോര്ത്തു തേങ്ങുന്നോരാത്മാവ്
ചിതറിത്തെറിച്ച ചിന്തകളില് മുഴുകി
യാന്ത്രികമായി ജീവിതം വലിച്ചിഴഞ്ഞു
നിറം മങ്ങി മരവിച്ച മനസ്സുമായി കഴിയുന്ന
പത്നിയെയോര്ത്തു തേങ്ങുന്നോരാത്മാവ്
അകലത്തെവിടെയോ നോക്കി താടിക്ക്
കയ്യുംകൊടുത്ത് അച്ഛനെയും കാത്തിരിക്കുന്ന
തുളസിക്കതിരിന് നൈര്മല്യം തുളുമ്പും
പൊന്മകളെയോര്ത്തു തേങ്ങുന്നോരാത്മാവ്
ശവക്കല്ലറയിലെ തേങ്ങലുകള് കേട്ടിട്ടുണ്ടോ ?
ഇരുട്ടിന്റെ കരിമ്പടം വാരിച്ചുറ്റി നനഞ്ഞ
മണ്ണില് തളര്ന്നുറങ്ങുന്ന ആത്മാവിന്റെ
ജീര്ണ്ണിക്കുന്ന തേങ്ങലുകള് കേട്ടിട്ടുണ്ടോ ?
Not connected : |