ലോണും ഫോണും പിന്നെ മലയാളിയും !
വാലിൻമേൽ കളി തുടരുന്നൂ നാം
വാനര ജൻമം പോലെ
ലോകം കയ്യിലൊതുക്കുന്നൂ നാം
ലോണിന്മേൽ കളിയാലെ !
പാമ്പിൻ കോണകം ചുറ്റുന്നൂ നാം
കേവല സൗഖ്യം തേടി
മാളത്തിൽ കൈ പൂഴ്ത്തുന്നൂ നാം
മൂർഖനകത്തെന്നാലും !
പറ്റില്ലൊട്ടും ലോണില്ലാതെ
പാർക്കാനിന്നീ ഭൂവിൽ
ചുറ്റും പുഞ്ചിരി തൂകും വദനം
വേണോ വേണോ വായ്പ ?!
കാറും നൽകാം പീസീം നൽകാം
ചെറിയൊരു പേയ്മെന്റ് പോതും
കാറൊന്നില്ലാതെങ്ങനെ വാഴും
കാലം മാറുകയല്ലേ ?!
പണി ചെയ്തീടാം ദിനരാത്രങ്ങൾ
പകുത്തു കൊടുക്കാം ലോണിൽ
പാഴായ് പോകും ജീവിതമയ്യോ
കണ്ടില്ലെന്നു നടിക്കാം !
***************************************
റിംഗ് റിംഗ് ടോണുകൾ ഉയരുന്നൂ
മലയാളത്തിൻ കീശകളിൽ
മറ്റാർക്കും പിടി നൽകാതെ
ഒന്നാം സ്ഥാനം നേടുന്നൂ !
കുഞ്ഞിനു പാലും കഞ്ഞിയ്ക്കരിയും
കണ്ടില്ലെന്നു നടിച്ചാലും
ഡ്യൂ ഡേറ്റൊട്ടും തെറ്റാതെ
ഫോണിൻ ബിൽ നാം കെട്ടുന്നൂ !
മാറ്റാൻ പാടില്ലൊരു നാളും
മാന്യത പോകും കട്ടായം
"മലയാളി "യെന്നൂറ്റം കൊള്ളാൻ
മറ്റൊന്നിവിടില്ലീ ശേലിൽ !
നിലയില്ലാ കയമെത്തുമ്പോൾ
നിവരാൻ പറ്റാതാകുമ്പോൾ
തിരിയാം പലവഴി ,തിരയാം പണികൾ
പരിഹാരങ്ങൾ തേടി !
നീട്ടാം കൈകൾ കൈക്കൂലിക്കായ്
നീങ്ങാം ഇരുളിൻ മറവിൽ
വെട്ടിക്കൊല്ലാം ,കട്ടുപിഴയ്ക്കാം
വെറുമൊരു പുഴുവായ് മാറാം !
# # # # # #
Not connected : |