ദുരന്തപ്പെരുമ  - ഇതരഎഴുത്തുകള്‍

ദുരന്തപ്പെരുമ  



പത്രം തുറക്കുവാൻ പേടിയാവു-
ന്നതിൽ ചോരയുണ്ടാമെന്ന പേടി .
വാക്കായ വാക്കിലും വാക്കുകളിലാകെയും
വാർന്നു കിടപ്പു ചെഞ്ചോര !

അത്യാഹിതങ്ങൾക്കു പഞ്ഞമില്ല
അത്യാഗ്രഹത്തിനുമെന്നപോലെ
ലക്ഷോപലക്ഷം വരിക്കാർക്കു നിത്യവും
വെച്ചു വിളംബാനും അതിലേറെയും !

⇴⇵⇶ ⇴⇵⇶ ⇴⇵⇶ ⇴⇵⇶
പാൽമണം മാറാത്ത കുഞ്ഞിനെ പീഡകൻ
തട്ടിയെടുത്തതും വാർത്ത‍ ,
കുഞ്ഞിളം മേനിയിൽ മാനുഷ മാരീചൻ
ചിന്തിയ ചോരയും വാർത്ത‍ !

ഓടയിൽ തള്ളിയ കുഞ്ഞിനെ കാക്കകൾ
കൊത്തി വലിച്ചതും വാർത്ത‍ ,
നാലിഞ്ചു വാർത്തയായ് നാണിച്ചു പിൻവാങ്ങി
കുഞ്ഞിന്റെ രോദനമയ്യോ ...

⇴⇵⇶ ⇴⇵⇶ ⇮⇯⇰ ⇴⇵⇶
വാർത്തയല്ലാത്തൊരു വാർത്തയായ്
വാഹനമോട്ടുവോർ തൻ കഥയെന്നും ,
ഈശന്നു പോലും പിടിക്കാത്ത പാതകൾ
ഈ ജൻമം അങ്ങേയ്ക്കു സ്വന്തം !

വാഹനം കിട്ടാൻ എളുപ്പമാ ,ലോണുണ്ട്
വാക്കൊന്നു മിണ്ടിയാൽ പോരേ ......
വാതിൽക്കൽ വാ പിളർന്നെത്തുന്നു വണ്ടിയും
വാക്കിൽ ഒളിപ്പിച്ച ചതിയും !

⇴⇵⇶ ⇴⇵⇶ ⇴⇵⇶ ⇴⇵⇶
ശ്രീമതി നോക്കുന്നു പേജെട്ട്‌ ;അതിൽ
വല്ല പരിചയക്കാരും ഉൾപ്പെട്ടോ ...?
പേരേട് തന്നിരുന്നെങ്കിൽ ,അതക്ഷര -
മാല ക്രമത്തിലായെങ്കിൽ !

( നിണമെഴും വാർത്തകൾ പെരുകുന്ന കണ്ടിട്ട്
പത്ര മൂപ്പന്മാർക്കൊരാശ ,
പ്രത്യേക പേജൊന്നു നൽകി ;പേജെട്ടിനി
തട്ടിനും മുട്ടിനുമാട്ടെ !! )
പേജു നിറയ്ക്കാൻ കടപ്പാട് ;കാലനും ,
മണ്ണിലെ കാല രൂപങ്ങൾക്കുമേകാം
വണ്ടികൾ, ഗുണ്ടകൾ ,ധർമ്മാശുപത്രികൾ
വാർഷിക രോഗങ്ങൾ വേറെ !

വൈപ്പിനും പെരുമണും കല്ലുവാതിൽക്കലും
കടലുണ്ടി കുമരകം പിന്നെ ,
മാറാട് ,തട്ടേക്കാട് ,തേക്കടി വഴിയത്
അരീക്കോടെത്തി ;നിന്നില്ല

നിന്നില്ല നിന്നില്ല നിൽക്കില്ലിനിയത്
നീളെ പടർന്നോടിയെത്തും
നാളത്തെ വാർത്തയ്ക്കു നാലിഞ്ചു സൈസിലായ്
നമ്മളെ നമ്മൾക്കു കാണാം .


up
0
dowm

രചിച്ചത്:മായൻ മുഹമമ
തീയതി:27-09-2014 09:54:39 PM
Added by :mayan muhamma
വീക്ഷണം:166
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :