നീഹാരം (കവിത)-അന്‍വര്‍ ഷാ ഉമയനല്ലൂര്‍ - തത്ത്വചിന്തകവിതകള്‍

നീഹാരം (കവിത)-അന്‍വര്‍ ഷാ ഉമയനല്ലൂര്‍ 


ഒരുമഹാസാഗരമാകാതെയിനിയെനി-
ക്കാവില്ലയനുപമേയൊരുജന്മമീവിധം
ചുറ്റുമീ ഘനനിബിഡാന്ധകാരം-സദാ
മുറ്റിനില്‍ക്കുന്നപോലായ്‌നരജീവിതം.

സ്‌തുതിപാഠകര്‍ക്കതിമോദമാകീടിലും
വിധിതന്നിതെന്നറിഞ്ഞീടുന്നു സാദരം
മതിയായിതെന്നുരചെയ്‌വൂ നിരന്തരം
മൃതിപാതികാര്‍ന്നതാമെന്നാത്മപാദപം.

ചതിയിതെന്നോതിയാറ്റീടിലുംനിന്മനം
നിരമുറിഞ്ഞീടുന്നതാം സ്വാത്മഗീതകം
ധരപോലിതേറ്റം ക്ഷമിപ്പിതേനെങ്കിലും
അതിവേനലേറ്റുരുകീടുന്നു നെഞ്ചകം.

ഇറ്റിറ്റുവീണുടയുന്ന മല്‍സ്മരണയാല്‍
പറ്റുകില്ലെന്നോതിടുന്നിതെന്നശ്രുനീര്‍
വറ്റുന്നു ശാന്തിതന്നിളനീരുമേകിയോ-
രെന്മലയാളമേ,തെളിവാര്‍ന്നചിന്തകള്‍.

കരളിലായലിവിന്റെ വര്‍ഷമായിന്നുനീ
ഹര്‍ഷംപകരുന്നിതെങ്കിലുമെന്‍സഖേ,
ശേഷിപ്പതില്ലെന്‍ വിഹായസ്സിലായ്‌ രമ്യ-
താരങ്ങളൊന്നുമി-ന്നുന്മേഷമാംവിധം.

ശീതളമാകാന്‍ കൊതിച്ചുവെന്നാലിളം-
തിങ്കളേകുന്നെനിക്കിന്നാര്‍ദ്ര കുഡ്‌മളം
അകമേ കിലുങ്ങുന്നരുമതന്‍ ചിരിവള
വറ്റാതിരുന്നെങ്കിലോര്‍മ്മകള്‍തന്‍നിള.

കരളിലേക്കമ്പെയ്‌തിടുന്നാത്മകാലമേ,
തിരയടങ്ങാതലഞ്ഞീടുമെന്‍ കാവ്യമേ,
നീഹാരമായ് നിറഞ്ഞീടുമെന്മോഹമേ;
നീ, ഹാരമേകി വരവേല്‌പതെന്നീമനം?

വന്നണഞ്ഞീടുകെന്നകമേയൊരു ദിന-
മുന്മേഷമേനീ -മയൂരമൊന്നായ്സ്വയം
പൊന്‍ചിലമ്പായിക്കിലുങ്ങട്ടെ കാലമി-
ന്നെന്‍ജീവിതത്തെത്തളച്ചിട്ട; ഹൃത്തടം.


up
0
dowm

രചിച്ചത്:അന്‍വര്‍ ഷാ ഉമയനല്ലൂര്‍
തീയതി:19-05-2015 01:11:38 PM
Added by :Anwar Shah Umayanalloor (അന്‍വര്‍
വീക്ഷണം:215
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :