പറയാനുള്ളത്
എന്‍റെ പരിഭവങ്ങളോട്
പ്രതികരിക്കാതെ പെയ്തു നിറയുന്ന
മഴയോടെന്നപോലെ
നോവെറിഞ്ഞ വാക്കുകളെ
ഇറയത്ത് നിറുത്തി ഞാന്‍
നിസ്സംഗയാകവെ ,
കാലം
പരാജയങ്ങളുടെ കഴുക്കോലിനററത്ത്
വീണ്ടുമൊരു കുറുകിയ കയര്‍ മുറുക്കി
എനിക്ക് നേരെ നീട്ടുന്നു .
ശിരസ്സിനുള്ളിലെ റാന്തലില്‍
മുനിഞ്ഞ വെട്ടങ്ങളെ തിരുകി കയറ്റുന്ന
മാന്ത്രികതയ്ക്കു മുന്നില്‍
അടിയറവു പറയുന്ന ചേതനയുടെ മുഖം
വിളറിയുടഞ്ഞു ചിതറുന്നു.
നീ നനഞ്ഞ കണ്ണുകള്‍ കൊണ്ട് എന്നെ
നോക്കാതിരിക്കൂ...
ഇനിയും മുള്‍കടമ്പകള്‍ തീര്‍ക്കാന്‍ ഞാന്‍ അശക്തയാണ്,
ഇതാ ....
പരീക്ഷകളുടെ പരവതാനി മടക്കി മാറ്റുന്നു..
താഡനമേറ്റ ചുമലുകള്‍ക്ക് പറയാനുള്ളത്
കേള്‍ക്കാതിരിക്കാന്‍ കഴിയുന്നില്ല അത്
മരണത്തിന്‍റെ മുഴക്കമാണെങ്കില്‍ പോലും
ക്ഷമിക്കുക......
Not connected : |