പൂക്കൾപറന്നു പോയ വസന്തം
നഗരത്തിരക്കിൽ
അമ്പലനടയിൽ
പഴന്തുണി പോലെ
ഇരിക്കുകയാണ്
പൂക്കൾപറന്നു പോയ
വസന്തം
നട്ടുച്ചത്തീയിൽ
ഏതോ ഓർമ്മയുടെ തണുപ്പിൽ
അവശേഷിച്ച ജീവൻ
നിലനിർത്താൻ
കൈ നീട്ടുകയാണ്
ചുളിഞ്ഞ ജീവിതാസക്തി
ശ്രീകോവിലിനകത്ത്
ഇതുവരെ മോഷണം പോകാത്ത
കൽ പ്രതിമയുടെ നിറം
ആ വിരലുകളിലിരുന്ന്
ഭജന പാടുന്നു
ആളുകൾ മുന്നിലൂടെ
തിരക്കിട്ട് നടന്നു പോകുന്നു
ചോറൂണ്
കല്യാണം
പേരിടൽ
തുലാഭാരം
എന്നിങ്ങനെയുള്ള വാക്കുകൾ
പറന്നു വന്ന്
ചെവിയിലിരിക്കുന്നു
ഏറ്റവും ചെറിയ നാണയങ്ങൾ മാത്രം
അടുത്തേക്ക് ഉരുണ്ടു വരുന്നു
കുഞ്ഞുങ്ങളെ പോലെ
അവ അടുത്തു വന്നിരിക്കുന്നു
പണ്ടെങ്ങോ കുഞ്ഞുങ്ങൾക്ക്
കൈനീട്ടം കൊടുത്തതിൻ്റെ വെളിച്ചത്തിൽ
അവയെ തലോടുന്നു
അമ്പതു പൈസയെടുത്ത്
അതിന് ഉമ്മ കൊടുക്കുമ്പോൾ
മുഖത്ത് കോവിലിലെ ദേവിയുടെ
അതേ ഭാവം
ഒരിക്കൽ
ശ്രീകോവിലിനകത്തായിരുന്നു
പിന്നെങ്ങനെയാണ്
പുറത്തെത്തിയത് ?
ആ കഥ കേൾക്കുവാൻ
കറ പിടിച്ച ഒരു രൂപ
അടുത്തേക്ക് ഉരുണ്ടുരു ണ്ട് വരുന്നു
Not connected : |