തിരിച്ചറിവുകൾ ... (1)
നിനക്ക് നല്കാനായി
കോറിയിട്ട വാക്കുകളിൽ
എവിടെയൊക്കെയോ
അർത്ഥമില്ലാത്തൊരു
കവിത ഞാൻ
ഒളിപ്പിച്ച് വച്ചിരുന്നു...
ഞാൻ തന്ന വരികളിൽ
അർത്ഥമില്ലെന്ന്
കണ്ടിട്ടാവും നിന്റെ
കരിവളകൾ
എന്നെക്കണ്ടപ്പോൾ
അടക്കിച്ചിരിച്ചതും ...
നിന്റെ മൗനത്തിലും
എന്റെ നിരാശയിലും
എന്തൊക്കെയോ ഉണ്ടെന്ന്
നിന്റെ പാദസ്വരങ്ങൾ മാത്രം
എങ്ങനോ അറിഞ്ഞു ...
അത് കൊണ്ടാവാം അവ
ചലിക്കാതെ നിന്നതും..
അറിയാതെ അറിഞ്ഞ
അർത്ഥങ്ങൾ മുള്ളുള്ള
മൂശേട്ടകളാണ് എന്ന്
മാത്രം നീയന്ന് പറഞ്ഞു ...
ഇന്നെനിക്കറിയാം നീയും
ഞാനുമെല്ലാം നോവിന്റെ
മുള്ളുകളാൽ മുറിവേറ്റ
തൊട്ടാവാടികളാണ്,
അർത്ഥമില്ലാത്ത എന്റെയീ
എഴുത്തുകളെ പോലെ..!
Not connected : |