ക്രിസ്തുമസ് ചിന്തകൾ
മൂടിപ്പുതക്കുവാൻ കീറത്തുണി പോലു-
മില്ലാതെ കാലിത്തൊഴുത്തിൽ പിറന്ന നിൻ
ജൻമ്മ നാൾ ആഘൊഷമെന്നൊരു വ്യാജേന
നിന്റെ പേരിന്നു വൻ വ്യാപാരമായിപോൽ.
പാരിനെ നീ നിന്റെ ചോരയാൽ രക്ഷിച്ചു
എന്നു ഞാൻ കേൾക്കുന്നനുദിനം എങ്കിലും
പാരമെനിക്കതിൽ ഏറുന്നു സംശയം
പാരിലെ പാതകമോരോന്നുമോർക്കുകിൽ.
സ്നേഹാർദ്ര ജോതിസ്സായ് പൈതലായ് നീ വന്നു
കാലിത്തൊഴുത്തിൽ പിറന്നതെ രാത്രിയിൽ
ക്രോധാന്ധ നാഗമുണർന്നു ഫണം വിരി-
ച്ചെത്ത്ര പൈതങ്ങളെ ക്രൂരമായ് കൊത്തിപോൽ!
പുഞ്ചിരി തൂകി നീ കൈകാൽ കുടഞ്ഞു നി-
ന്നമ്മ തൻ നെഞ്ചിലൊരിക്കിലി കൂട്ടവേ-
അമ്മമാർ എത്രപേർ നെഞ്ചുപൊട്ടി ചത്തു
ചെന്ചോരയിൽ പിന്ച്ചുകിടാങ്ങൾ പിടയ്കയാൽ?
നിന്റെ പേര് ഉച്ചരിച്ചെന്ന പേരിൽ എത്ര
ജന്മ്മങ്ങൾ ഭൂമിയിൽ വീണു മരിച്ചു ഹാ?
ക്രൂര ജന്തുക്കൾക്കു ഭോജനമായ് എത്ര
ദേഹങ്ങൾ വീണു നിൻ നാമം ജപിക്കയാൽ?
യോർദാനിൽ അന്നു നീ മുങ്ങിക്കുളിച്ച്ചത്
കാരണമായ് ചൊല്ലി എത്ര ലക്ഷങ്ങളെ
വെള്ളത്തിൽ മുക്കുവാൻ ആകാതെയാകയാൽ
ചോരയിൽ മുക്കി ഹാ നിന്റെ പേരൊന്നതിൽ?
അന്നാപ്പുഴയ്ക്കുമേൽ ശാന്തി തൻ ദൂതുമായ്
വെള്ളരിപ്രാവു പറന്നു വന്നെങ്കിലും
ഇന്നു ചെഞ്ചോര പുഴകൾക്കു മേലിതാ-
അഗ്നി തുപ്പീടുന്ന യാന്ത്രിക പക്ഷികൾ!
പാരിൽ നിൻ ചാരു ശിരസ്സൊന്നു ചാരുവാൻ
പോരുമിടമില്ലാതെങ്ങും വലഞ്ഞ നിൻ
പേരുവിറ്റൊട്ടുപേർ കോടികൾ ആർജിച്ചു
പാരിതിൽ രാജകൊട്ടാരങ്ങൾ തീർത്തുപോൽ!
ആയതിൽ നിൻ സേവ എന്നോരു ഭാവേന
ആയവർ ഭോജിച്ചു ഭോഗിച്ചു വാഴവേ-
നീയോ ദരിദ്രനായ്, രോഗിയായ്, ഭിക്ഷുവായ്
ഭിക്ഷയിരക്കുന്നു പാതയോരങ്ങളിൽ!
മുപ്പതു കാശിനു പണ്ടു നിന്നെ വിറ്റോൻ
പിന്നീടതിൽ മനം നൊന്തു ചത്തെങ്കിലും
ഇന്നു നിന്നെ വിറ്റ് അതിലേറെ വാങ്ങുവോർ-
ക്കായതഭിമാന മാനദണ്ഡം പ്രഭോ.
രണ്ടായിരത്തോളം ആണ്ടുകൾ ഈവിധം
നീ വന്നതിൽപ്പിന്നെ നിന്നെയും
നിൻ പേരിൽ അന്ന്യനെയും കൊലചെയ്യുമീ പാരു
നീ രക്ഷിച്ചുവെന്നതിൽ അർത്ഥമെന്തെൻ പ്രഭോ?
എങ്കിലും നിത്ത്യേന ക്രൂശിൽ കിടന്നു
പിടഞ്ഞു മരിക്കുന്ന നിത്ത്യ സത്യങ്ങൾക്കു
നിൻനാമമാശ്വാസഹേതുവെന്നല്ലാതെ
എന്തു കരുതേണം ഇന്നു ഞാൻ എൻ പ്രഭോ??
Not connected : |