എന്റെ വാനംപാടി - തത്ത്വചിന്തകവിതകള്‍

എന്റെ വാനംപാടി 

മനസ്സിൻ കിളിവാതിൽ തുറന്നു കിടക്കവേ
മനസ്സായതിൽ വന്നു വസിച്ച വാനംപാടി-
വാതിലടച്ചു നിന്നെ ബന്ധനം ചെയ്തിന്നു നീ
എന്റെ സ്വന്തമെന്നെന്തിനന്ന്യരെ കാട്ടേണം ഞാൻ?

ബന്ധനം ചെയ്‍വയൊന്നും സ്വന്തമല്ലൊരിക്കലും
ബന്ധനം ചെയ്താലൊന്നും സ്വന്തമാകില്ലീ ഭൂവിൽ.
സ്വന്തമെങ്കിലതെന്നും സ്വതന്ത്രവുമാകേണം
സ്വരമിടറാതൂറും സ്വർഗരാഗമാകണം.

തുറന്ന വാനിലെങ്ങു പറന്നു പോയാലുമീ
തുറന്ന വാതിലിതു മറന്നു പോവില്ല നീ.
പകലോൻ പടിഞ്ഞാറേ കടലിൽ നീരാടുംപോൾ
പറന്നു പാടിയെന്നിൽ മടങ്ങിയെത്തുന്നു നീ.

ഇരുളെൻ കരളിലേക്കിഴഞ്ഞു കയറാതെ
തെളിയും വിളക്കായെന്നുള്ളിൽ നീ വസിക്കയാൽ
മതിമറന്ന നിന്റെ മധുര ഗാനാലാപ
ലഹരി നുകർന്നൊന്നു മയങ്ങട്ടിവിടെ ഞാൻ.

സുഷുപ്തിയിതിലെന്റെ ധമനികളിൽ നിന്റെ
സ്വർഗീയ സ്വരധാര പ്രാണനായ് ഒഴുകവേ-
നിൻ രാഗസുധയിലെൻ ഹൃദയത്തുടിപ്പുകൾ
താളമായലിയുകിൽ ചാരിതാർധ്യമായിപോൽ.


up
0
dowm

രചിച്ചത്:തോമസ്‌ മുട്ടത്തുകുന്നേൽ
തീയതി:03-01-2016 03:46:07 AM
Added by :Thomas Muttathukunnel
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :