ഞാനും അവനും അയാളും
നനഞ്ഞ സന്ധ്യയിൽ
വെൺ ശവകച്ച കീറിയ വാ
തുളയിൽ അരിയും പൂവും
എള്ളും നിറയുന്നു..
മൂത്ത മകന്റെ കണ്ണുനീരിൽ
അമ്മയുടെ വിഷ കുപ്പി നിറയുന്നു...
രണ്ടാമത്തെ മകന്റെ മൂക്കു ചീറ്റലിൽ
അമ്മയുടെ ചിത ഒരുങ്ങുന്നു.
ഒറ്റ മകളുടെ നെഞ്ചത്തടിയിൽ
ചിത പൊട്ടിത്തകരുന്നു..
ബന്ധുക്കളുടെ നെടുവീർപ്പിൽ
ശവം ആളി കത്തുന്നു ..
എന്റെ കണ്ണിരിൻ ചൂടിൽ അവളുടെ
തലച്ചോറിൽ സ്ഫോടനം..
ശവഗന്ധം മൂക്കിൽ...
ശവരുചി നാക്കിൽ...
ഓർമ്മകളുടെ സ്ഫോടനത്തിൽ
ഞാനും അയാളും അവനും
മാത്രം ബാക്കിയായി..
പിന്നെ
വൃശ്ചിക രാത്രികളും
തണുപ്പിച്ച ഓർമ്മകളും
മിണ്ടാനറിയാത്ത അരണ്ട നിലാവും.
കുരക്കാനറിയാത്ത ഒരു ചാവാലിയും ..
അയാൾ എല്ലാ തണുപ്പിലും പാപക്കെട്ട്
തലയിലേറ്റി പമ്പയിൽ മുങ്ങുന്നു..
ഇറങ്ങാനറിയാതെ മല കയറുന്നു.
ഞാനിപ്പോഴും കരിമ്പുതപ്പിൽ
വെയിലത്ത് മുടന്തുന്നു..
ഇങ്ക്വിലാബിൽ കിതച്ച് ചോരതുപ്പലം കുടിക്കുന്നു..
അവൻ പൂമുഖത്ത് മക്കൾക്ക് ആന കളിക്കുന്നു ..
പ്രിയതമക്ക് പുതിയ പ്രണയകാവ്യങ്ങൾ
ചൊല്ലി കൊടുക്കുന്നു..
ഒന്നാം മകനും രണ്ടാം മകനും ഒറ്റ മകളും
മുറ്റത്ത് മാവിൻ തലപ്പിൽ നോക്കി കൈകൊട്ടി നെടുവീർപ്പിടുന്നു...
ബലി കാക്ക ചിറകിൽ തീ പടർത്തി
ചോര കൊക്കുമായ്
ഉച്ചിയിലേക്ക് പറന്നു വരുന്നു ..
ഇന്നലെ പോയ മക്കളെ കാത്ത് ആരാന്റമ്മ
വെയിലിനെ പ്രാകുന്നു..
,,,,,,,,,,,,,,,,,,,,,,,,,,,,,,
Not connected : |