ഉലകം സ്വർഗമാവില്ലേ...? - തത്ത്വചിന്തകവിതകള്‍

ഉലകം സ്വർഗമാവില്ലേ...? 

ഒരിക്കൽ താൻ മരിക്കുമെ-ന്നൊരിക്കൽ താൻ ഗ്രഹിക്കുകിൽ,
ഒരിക്കലും കലഹങ്ങൾ-ക്കൊരുങ്ങിപ്പുറപ്പെടാ താൻ.

കലഹിക്കാൻ കലി കേറി-ഒരുവനിങ്ങോട്ടുവന്നാൽ,
അവനേയും സഹതാപ-മാർന്നു കാണാൻ തനിക്കാവും.

നനഞ്ഞു കുഴഞ്ഞു നാറി-നഗ്നനായി കേണുകൊണ്ടീ
ഉലകിൽ താൻ വന്ന സത്യം-മറന്നുപോയതെന്തെടോ?

അന്നൊരു കുഞ്ഞുറുന്പിനും-കഴിയുമായിരുന്നെടോ
വകവരുത്തുവ്വാൻ തന്നെ-ലേശമൊന്നു നിരുവിക്കിൽ!

ഉടുതുണിപോലുമില്ലാ-തിവിടെയെത്തിയ തന്നെ
ഉലകം വളർത്തിയപ്പോൾ-ദുരയോ വളർന്നതുള്ളിൽ?

കഴുത്തിന്മേൽ തല വന്നു-കരങ്ങൾക്കും കരുത്തായാൽ
ധരത്ത്രിയെ വിറപ്പിച്ചു-രസിപ്പാനോ പുറപ്പാട് ?

സഹജീവിയെപ്പിഴിഞ്ഞാ-ചുടുചോര കുടിച്ചെന്നും
ജയദാഹമടങ്ങാതെ-വിലസാനോ തന്റെ ഭാവം?

അഹങ്കാരം മൂത്തുലകിൽ-അറുകൊല ചെയ്തുകൂട്ടി
ജയിച്ചെന്നു വീന്പടിച്ച-കരുത്തരിന്നെവിടെടോ...?

ധരത്ത്രിയെ വിറപ്പിക്കാൻ-പുറപ്പെട്ട കരുത്തന്മാർ
മരണം കൈ പിടിച്ചപ്പോൾ-കേണെടോ ശിശുക്കളെപ്പോൽ!

പടയോട്ടം ജയിച്ചെന്നു-പെരുന്പറ കൊട്ടിയവർ
വിളക്കിൽ വീണ പാറ്റ പോൽ- മരണത്തോടു തോറ്റെടോ!

തോറ്റവനു പിന്പേ അന്നു-ജയിച്ചോനും ഒരുപിടി
പൊടിയായി പൊടിമണ്ണിൽ-അടിയുമതോർക്കെടോ താൻ!

ഒരുപിടി പൊടിമണ്ണിൽ-പൊടിഞ്ഞു ചേരേണ്ട തന്റെ
ദുരയിറ്റു മാറ്റിവെച്ചാൽ-ഉലകം സ്വർഗമാവില്ലേ...???


up
0
dowm

രചിച്ചത്:തോമസ്‌ മുട്ടത്തുകുന്നേൽ
തീയതി:07-02-2016 01:26:41 AM
Added by :Thomas Muttathukunnel
വീക്ഷണം:191
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :