ഒരു ഭാരതീയന്റെ വിലാപം  - തത്ത്വചിന്തകവിതകള്‍

ഒരു ഭാരതീയന്റെ വിലാപം  

(ഉത്തര മധുരാപുരി - ക്കുത്തര പഥത്തിലുള്ള... എന്ന മട്ട്)

ആദിശങ്കരനുമാ കാളിദാസനും സ്വാമി-
ശ്രീ വിവേകാനന്ദനും ജനിച്ച മണ്ണിൽ...

പിറന്നതിലതിയായ ചാരിതാർദ്ധ്യവുമുള്ളിൽ
ഗർവുമഭിമാനമതും നിറഞ്ഞു ഞാനെൻ...

ബാല്യവും കൌമാരവും കഴിഞ്ഞു യൗവനത്തിന്റെ
പടിക്കൽ വന്നെത്തി ചുറ്റും മിഴിയോടിക്കെ...

ഇടിമിന്നലേറ്റപോലെൻ നെഞ്ചകം തകർന്നു മനം
ചിറകറ്റ പതംഗമായ് നിലം പതിച്ചൂ...

ദയനീയമീ ദൃശ്യങ്ങൾ സത്യമോ ദു:സ്വപ്നങ്ങളോ?
വിശ്വസിക്കാനാവുന്നില്ലെൻ നയനങ്ങളെ...!

ആഭിജാത്യമേറൂമെന്റെ ഭാരതമീത്തറവാടു
മൂന്നു തുണ്ടായ് മുറിഞ്ഞിന്നു ശിഥിലമെന്നോ...?

അഴകേറും പൂവാടിയായിരുന്ന ഭാരതമിതിൻ
മതിലകം മലിനങ്ങൾ നിറഞ്ഞുവെന്നോ...?

അമൃതവാഹിനികളിൽ വിഷം കലർന്നവയിന്നു
മരണത്തിൻ നിഴലായി ഇഴയുന്നുവോ...?

അതിഥികളായിവന്ന ചതിയരാം ചിലരെന്റെ
തറവാട്ടിൻ സ്വത്തൊട്ടേറെ കവർന്നെന്നാലും...

ഇത്തറവാട്ടിലെന്റെ സോദരങ്ങളവർക്കെന്നും
ഉണ്ടായിരുന്ന്ഉണ്ണുവാനും ഉടുക്കുവാനും...

നഷ്ടമായതൊക്കെ വീണ്ടും സൃഷ്ടിച്ചു സമോദമായി
സ്വസ്തമായി കഴിയുവാൻ തരമായപ്പോൾ...

ഒരമ്മയ്ക്കു പിറന്നോർ, ഒരുപാത്രത്തിലുണ്ടോർ,
ഒരുമിച്ചുറങ്ങിയവർ, സോദരങ്ങൾ...

കൊള്ളചെയ്‌വാൻ ലക്ഷ്യമിട്ടീ വീട്ടിൽ വന്നുപാർത്തിരുന്ന
ചതിയർ തൻ വാക്കുകേട്ടു സ്വയം മറന്നു-

അച്ചതിയർ കൊണ്ടുവന്നു കുടിച്ച ചാരായത്തിൻ
എച്ചിൽ തൊട്ടു നക്കി എന്റെ സോദരർ ചിലർ...!

അവരുടെ ഉപദേശം വേദമായിക്കരുതിയീ
സ്വകുടുംബം സ്വാർഥതയാൽ ശിഥിലമാക്കി...!

പടിപ്പുരക്കാവൽ നിന്നോർ ഭന്ന്റാരങ്ങൾ തുരന്നതിൽ
ഇരുന്ന സ്വത്തത്രയും കവർന്നുപോലും...!

"വസുധൈവ കുടുന്പകം" എന്ന മന്ത്രം ഉരുവിട്ട
പിതൃക്കൾ തൻ മക്കൾ തമ്മിൽ വൈരികളായി...!

അജ്ഞതയാലന്ധരായി സ്വജനങ്ങൾ അവർ സ്വന്തം
അമ്മപെങ്ങൻമാരെപ്പോലും വ്യഭിചരിച്ചൂ...!

സോദരികളവരുടെ പാദസരങ്ങൾ പോലും
കവർന്നു പിഞ്ചുടലുകൾ വലിച്ചെറിഞ്ഞൂ...!

പെറ്റമ്മയാം ഭാരതത്തെ അവളുടെ മക്കൾ ചിലർ
വിറ്റുവെന്നറിയാൻ ഞാൻ വൈകിയത്രേ...!

ആഭിജാത്യ ഗോപുരത്തിൽ വാണൊരമ്മ തന്റെ മക്കൾ
വയർ പോറ്റാൻ യാചിക്കേണ്ട ഗതി വന്നുവോ...?

മുഷിഞ്ഞ ജീർണവസ്‌ത്രങ്ങൾ ധരിച്ചിന്നീ വഴിയോര-
ത്തിരക്കുവോർ ഈ അമ്മതൻ തനയരത്രേ...!!

ആർഷഭാരതമെന്ന കീർത്തിയിൽ പരിലസിച്ച
മോഹിനിയാമിവളിന്നു വിവശയായീ-

അവളുടെ പിഞ്ചുമക്കൾ പലരുമീപ്പാതവക്കിൽ
ഇരന്നു കഴിയുന്നൊരാ ദൈന്യ ദൃശ്യം...

കണ്ടു മോഹാലസ്യയായി പിടഞ്ഞുവീണിപ്പൂഴിയിൽ
ദീനയായി കേഴ് വതാരും കണ്ടതില്ലയോ...??

അന്തസിന്റെ പര്യായമായ് വിളങ്ങിയോരമ്മയിവൾ
മക്കളുടെ ചെയ്തികളാൽ മരിക്കുന്നിതാ...!!

പണ്ഡിതനായിച്ചമഞ്ഞവളുടെ ഒരുമകൻ
മരിക്കുംമുന്പേയവൾക്കു പിണ്ഡവും വെച്ചു...!!

അവളുടെ അരുമയീ ആർഷഭാരത ജാതനാം
എനിക്കിന്നിത്തറവാട്ടിൽ ശൂന്യതയെന്നൊ...??

പെറ്റമ്മയെക്കുരുതിക്കു വിറ്റൊരാപ്പരിഷകൾക്കി-
ന്നുറ്റവനായ്‌ ജനിച്ചുവോ നിർഭാഗ്യനീ ഞാൻ...??

കൌരവന്മാരൊരുമിച്ചു ചതിച്ച പാൺഢുവിന്റെ
പരന്പരയിൽത്തന്നെയോ പിറന്നതീ ഞാൻ...??

ഹീനമീ ദു:സ്ഥിതികൾ ഞാൻ കാണുവതിനെക്കാൾഭേദ-
മായിരുന്നു ജനിക്കാതെയിരുന്നുവെങ്കിൽ...!!!


up
0
dowm

രചിച്ചത്:തോമസ്‌ മുട്ടത്തുകുന്നേൽ
തീയതി:07-02-2016 02:06:42 PM
Added by :Thomas Muttathukunnel
വീക്ഷണം:223
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :