വേശ്യ..  - തത്ത്വചിന്തകവിതകള്‍

വേശ്യ..  

വേശ്യയാണ്‌ ഞാന്‍‍-
വെറും വേശ്യ നാടിന്‍റെ-
ഉച്ച-നീചത്തങ്ങളില്‍ വിവസ്ത്രയായവള്‍‍.
അഞ്ജനം ചാലിചെഴുതേണ്ട കണ്‍കളില്‍
സങ്കട-സാഗരം അലയടിക്കുന്നുവോ?
ചന്ദന ലേപനം ചാര്‍‍ത്തേണ്ട നെറ്റിയില്‍‍-
വേശ്യ..നീ വേശ്യ..എന്ന ലേപനം കിട്ടവെ,
വയറു കത്തിക്കരിഞ്ഞു മരിച്ചോരെന്‍‍-
അമ്മതന്‍‍ ചെമ്പട്ട് പാവടയണിഞ്ഞു ഞാന്‍‍.
ഉടുത്തു മുഷിഞ്ഞതാം ദ്രവിച്ച-
പാവടക്കിഴക്കിടയിലായ് ദുഷിച്ച ഗന്ധങ്ങള്‍‍.
അമര്‍ത്തിവച്ചതാം അമ്മതന്‍‍‍ അശ്രു-
പുറത്തുവന്നതിന്‍‍ നനുത്തചാലുകള്‍‍..
ദ്രവിച്ച കട്ടിലിന്‍‍‍ പതിഞ്ഞ ഞരക്കത്തില്‍‍‍-
പിടയുമെന്നമ്മതന്‍‍‍‍ ചലത്തിന്‍‍‍ പാടുകള്‍..
ഒടുവിലെപ്പോഴോ നിണ-മാംസ-മജ്ജ-
മലത്തില്‍‍‍ കുരുത്തതാം അബദ്ധമാണ് ഞാന്‍‍.
എരുതീയില്‍‍ എണ്ണയായ് പിറന്നൊരീ മനം-
കുളിര്‍‍പ്പിച്ചുറക്കുവാന്‍ വിയര്‍‍ക്കയാണമ്മ.
വിയര്‍‍ക്കായാണവള്‍‍ വേര്‍‍പണി കൈകള്‍‍-
വിറച്ചു കൊണ്ടെന്‍നേര്‍‍ക്ക്‌ ചൂണ്ടാതിരിക്കുവാന്‍‍.‍
കിതക്കയാണവള്‍‍ നര-മാംസ ഭോജികള്‍‍-
കൊതിച്ചുകൊണ്ടെന്നെ ഭുജിക്കാതിരിക്കുവാന്‍‍.
വിയര്‍ത്തും വിറച്ചും കിതച്ചും മരി-
ച്ചവള്‍‍ കൊതിച്ച ജീവിതം കൊരച്ചുചാവാനോ?
ഒടുവിലിപ്പോഴീ ചിതക്കരുകിലായ്
ഒരിറ്റുവറ്റിനായ് ബലി-കാക്കകള്‍‍ ചിലക്കവേ-
വയറുക്കത്തികരിഞ്ഞു മരിച്ചോരെന്‍
അമ്മതന്‍ ചെമ്പട്ട് പാവാടയുടുത്തു ഞാന്‍...
ഈറനണിഞ്ഞു ഞാന്‍‍ അമ്മതന്‍‍ ആത്മ-
സുകൃതത്തിനായ് എള്ള്- പൂവുകള്‍ നേരവേ,
കൊലായിലന്തിത്തിരി അന്ത്യമാം നേരത്തൊട്ടൊ-
ന്നൂക്കോടെ എണ്ണപ്പറ്റ് വലിച്ചാളിത്തും പോലെ,
കൊതിയര്‍‍ ബലികാക്ക വേര്‍‍പ്പണി കൈയ്യലെന്നെ-
വലിച്ചടുപ്പിച്ചെന്‍റെ പുടവകള്‍‍ പറിക്കുന്നോ?
കരിഞ്ഞ കോലങ്ങള്‍‍ അകത്തളങ്ങളില്‍
പുകഞ്ഞുകൊണ്ടേയിരുപ്പതു കണ്ടു ഞാന്‍‍..
അടുപ്പ് പുകയാതരിക്കലത്തിന്നുള്ളില്‍ ചിതല്‍-
പുറ്റുകള്‍ തീര്‍ത്തീടവേ തകര്‍‍ന്ന് പോകുന്നു ഞാന്‍‍.
പിച്ചവച്ചു തളര്‍‍ന്നോരുണ്ണീ നിന-
ക്കിങ്കു നല്‍കുവാനെന്തുച്ചെയ് വേണ്ടു ഞാന്‍?
തളര്‍‍ന്നതെങ്കിലും അരുമ നിന്‍‍മുഖം-
അമര്‍‍ത്തിക്കൊല്ലുവാന്‍‍ അശക്തയാണ് ഞാന്‍‍.
നിന്‍റെ തളര്‍‍ന്നോരീ വദനം തുടുക്കുവാന്‍‍-
എടുത്തുടുക്കുന്നൂ ഞാന്‍ വേശ്യതന്‍‍ കറത്തുണി ...
വയറു കത്തി തളര്‍ന്നോരുണ്ണീ നിന-
ക്കിങ്കുനല്കാനായ് മാറു വില്ക്കട്ടെ ഞാന്‍‍.
നിനക്ക് നല്‍‍കാനായ് കരുതി വച്ച പാല്‍-
ക്കുടങ്ങളിന്നിവര്‍‍ കശക്കിയെറിയവേ!!
ഇല്ലെനിക്കേകാന്‍‍ നിനക്കിറ്റു പാല്‍ എന്‍‍മുല-
ക്കണ്ണിവര്‍‍ക്കായി പോലും നിത്യവും ചുരത്തേണ്ടു !!
കുതറിക്കരഞ്ഞോരെന്‍‍ ഉണ്ണിയെ ധൃതിയില്‍-
മയക്കി കിടത്തുവാന്‍‍ തിടുക്കം കൂട്ടുന്നവര്‍‍,
കറുത്ത മുഖത്തിലെ വെളുത്ത ദംഷ്ട്രകള്‍
പുറത്തു കാട്ടി ഭയപെടുത്തുന്നവര്‍...
ഒട്ടിയ വയറിന്നുക്കിഴിലീ ജീവിത-
മല്‍പിടുത്ത യാത്രക്കൊടുവിലായ്,
പച്ച നോട്ടിന്‍റെ പട്ടിണി മാറ്റുവാന്‍ നിജ-
കൃത്യം വഹിച്ചു ഞാന്‍‍ കൈനീട്ടി നില്‍ക്കുമ്പോള്‍‍;
പിച്ചതേടുന്നോരെന്‍ ഗര്‍ഭ-പാത്രത്തെ-
കീറി മുറിച്ചിട്ട് നക്കികുടിക്കുവോര്‍‍...
മുഖപ്രസംഗത്തില്‍‍ "ഗാന്ധി"യെന്നാകിലും
മറച്ചു നോക്കുമ്പോള്‍‍ അറച്ചിടുന്നവര്‍‍...
നരജന്മമാകിലീ നാരിയെ കാണുമ്പോള്‍‍-
കശക്കിയെറിയുമെന്‍‍ ജീവിതമിതു സത്യം.
പെണ്ണെന്നു കേള്‍‍ക്കുമ്പോഴേ ഉള്ളില്‍‍ കിളിര്‍‍ക്കുന്നുവോ-
പല്ലുകള്‍‍-നഖങ്ങള്‍ ഇന്നിവരെക്കീറാനായി!!
മക്കളെ കാണുമ്പോഴേ ഉള്ളം ചുരത്തുന്നോരീ-
മാതാവിനെ പോലും മംസമായ് കാണുന്നോ നീ?
എങ്കിലും എന്നുണ്ണീ നീ
നിനക്കായ് കത്തിതീര്‍‍ന്നെന്‍‍ മനം-
തെരുവിന്‍‍ കയത്തിലേക്കെറിഞ്ഞു കളഞ്ഞല്ലോ?
എങ്കിലും മകനേ.......
വേശ്യ എന്നു നീ ആര്‍ത്തുകയര്‍‍ത്തപ്പോള്‍-
നേര്‍ത്തവീണകമ്പി പൊട്ടീമരിച്ചു ഞാന്‍‍...
മന്തര തുള്ളിയ നിന്‍‍ നാവിലന്നു ഞാന്‍‍-
തേനും വയമ്പും ഊട്ടിയതോര്‍ത്തു ഞാന്‍‍.
മുജന്മ പട്ടിയായ് പേവിഷം തുപ്പി നീ-
ഇജന്മമേകിയോരമ്മയെ പ്രാകുന്നു.
പെറ്റെനീറ്റന്നു മുത്തത്തില്‍ മൂടിയോരാ-
കണ്ണില്‍ ‍കോപാഗ്നി ആളികത്തുന്നുവോ?
മുജന്മ പാപമാം ഈ ശിഷ്ട ജാതകം
കീറിമുറിച്ചാത്മ മോക്ഷം കേഴുന്നു ഞാന്‍.
കാലന്‍റെ കയറെന്‍റെ കൈ-കാല്‍ ബന്ധിക്കട്ടെ-
ഋഷഭക്കാറലെന്‍‍ കാതുപൊട്ടിക്കട്ടെ-
അന്ധകാരക്കാറു കണ്ണ് പൊത്തിക്കട്ടെ-
ഉയിരിന്‍റെ നാഡികള്‍‍ ഉയിരറ്റു പോകട്ടെ-
കുഴിഞ്ഞ കണ്‍കോണില്‍ ഉറഞ്ഞുകൂടുന്നിരീ-
കണ്ണുനീര്‍ക്കണം നിന്നെ ശപിക്കതിരിക്കട്ടെ...
ശവംനാറും മേത്തന്‍മാര്‍‍ പലകുറി കടിച്ചിട്ട-
ഹൃദയമിന്നിതാ ചവച്ചരക്ക നീ..
പങ്കിട്ടെടുക്കട്ടെ ബലിക്കാക്ക-നായകളെന്‍
ഓജസ്സും തേജസ്സുമെന്‍ ‍ആത്മാവും ആകാരവും.
പങ്കിട്ടെടുക്കട്ടെ ബലിക്കാക്ക-നായകള്‍‍,
പങ്കിട്ടെടുക്കുക നീയും ഈ വേശ്യയെ..
പങ്കിട്ടെടുക്കട്ടെ ഞാനെന്ന വേശ്യയെ..
പങ്കിട്ടെടുക്കട്ടെ ഞാനെന്ന വേശ്യയെ..


up
0
dowm

രചിച്ചത്:കുഞ്ഞ്
തീയതി:03-03-2011 03:42:24 AM
Added by :ratheesh
വീക്ഷണം:682
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :