ബാല്യം - മലയാളകവിതകള്‍

ബാല്യം 

ബാല്യം:

കൂരിരുൾ ചുരുളുകൾ മാനത്ത്‌ പടരവേ....
കുളിരുമായ് ചന്ദനക്കാറ്റൊന്നു പുൽകവേ....,
എന്മനം അറിയാതെ ഓർത്തുപോയ് കാലമേ...,
നീ കവർന്നെടുത്തൊരെൻ സുന്ദരബാല്യത്തെ.....

കല്ലെറിഞ്ഞൊരാ മൂവാണ്ടൻ മാവിലെ,
മാമ്പഴത്തിന്റെ വർണ്ണച്ചിരികളും..,
നുള്ളി നോവിച്ച പിച്ചകപ്പൂവിലെ -
തേൻ നുകർന്നിടും ശലഭഭംഗിയും....

മഞ്ഞു തുള്ളിയിൽ നിറയുന്ന കൗതുകം-
മാരിവില്ലിൻ നിറങ്ങളായ്‌ പെയ്തതും ..
വർഷമേഘനിർഘോഷഖഡ്ഗത്തിനാൽ -
ഭീതിപൂണ്ടു ഞാൻ വിറയാർന്നു നിന്നതും...

കൂട്ടുകൂടി എന്നും കളിച്ചിടാൻ ,
സ്നേഹമേവും കൂട്ടുകാർ വരും...
പൂങ്കുയിലിന്റെ പാട്ടൊന്നു കേൾക്കുവാൻ-
ഞങ്ങളേവരും ചെവിയോർത്ത്‌ പോയിടും....

രാവിലെന്നും താരാട്ട് കേട്ടു ഞാൻ -
അമ്മതൻ മടിമേലെ കിടന്നതും...
നന്മചൊല്ലും കഥകളിൽകൂടിയെൻ-
ഉള്ളിലെന്നും പുണ്യമായ് താതനും....

നിഷ്കളങ്കം തുടിക്കുന്ന മാനസം ,
ഒന്ന് തന്നെ ഹിതമായ ഭൂമിയിൽ,
സത്യസഞ്ചാരനൗകയിൽ അന്നു നീ -
എന്നെ കൊണ്ടുപോയ് നിർത്തിയ ബാല്യമേ....

ഒന്ന് വന്നങ്ങു പോയൊരു കാലവും,
എന്നിലേക്കിനി തിരിക്കയില്ലെങ്കിലും ,
ആഗ്രഹിക്കുന്നു ഞാൻ ആ നല്ല നാളിലെ -
ബാലനായ് പുനർജനിച്ചീടുവാൻ....
ആഗ്രഹിക്കുന്നു ഞാൻ ആ നല്ല നാളിലെ -
ബാലനായ് പുനർജനിച്ചീടുവാൻ......


up
1
dowm

രചിച്ചത്:സനീഷ്
തീയതി:18-05-2016 04:20:33 PM
Added by :സനീഷ്.കെ . എസ്
വീക്ഷണം:169
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :