ഒരു വിഷുനാളിന്റെ ഓർമ്മയ്ക്ക് : - മലയാളകവിതകള്‍

ഒരു വിഷുനാളിന്റെ ഓർമ്മയ്ക്ക് : 

മേടസൂര്യൻ തേരിലേറി ചക്രവാളങ്ങൾ പുൽകവേ,
മണ്ണിലെങ്ങും പൊൻവസന്തം പീലിനീർത്തി ലസിക്കവേ ,
ഈറനണിയും അഭ്രപാളികൾ ദേവകിന്നാരംഗികൾ,
പാടിടുന്നു മോദമോടെ മനോജ്ഞമാം വിഷുഗീതികൾ..

പാരിലെങ്ങും പീതവർണ്ണം പൂശി കർണ്ണികാരങ്ങൾ ,
പൂവിനുള്ളിൽ മധു നുകർന്നു ഭൃംഗവും പതംഗവും ,
ശാരദപ്പൂഞ്ചോല പോലെ തെളിയുമെന്നും പുതുവെയിൽ,
ചന്ദനക്കുളിർമാരി പോലെ വിരിപ്പിടുന്നു മാരുതൻ....

എൻ ഓർമ്മതൻ പൂവാടിയിൽ വിഷുനാളിനായ്‌ ഞാൻ തേടവേ,
വന്നിടുന്നെൻ ഉള്ളിനുള്ളിൽ ഒളിവീശിടുന്നൊരു ദൃശ്യമായ്...

രാവിലേതോ സ്വപ്നവീഥിയിലന്നു ഞാൻ ചരിക്കവേ ,
തോഴരൊത്ത് കണ്ണുപൊത്തി കളിച്ചിടുന്നൊരു ബാലനായ്..
അമ്മതൻവിളി കാതിനേ തലോടി നില്പ്പതറിഞ്ഞു ഞാൻ ,
നിദ്ര വിട്ടുണർന്നതെങ്കിലും മിഴി മൂടി നിന്നു കരത്തിനാൽ ...

നടന്നകന്നു എവിടെയെന്നറിയാതെ എൻ പാദത്തിനാൽ,
ഒടുവിലൊരു പടിവാതിലെത്തവെ നിന്നു നിശ്ചലദൃശ്യമായ്‌..
കണ്‍തുറന്നു നോക്കവേ , കണി കണ്ടു ഞാൻ മണിവർണ്ണനെ,
സമൃദ്ധിതൻ അനുഗ്രഹം ചൊരിഞ്ഞിടും കാർവർണ്ണനെ ....

അമ്മയെൻ മൂർധാവിലേകി കൈനീട്ടമായൊരു ചുംബനം ,
താതനെൻ ചെറുകൈ നിറച്ചു നാണയപെരുമാരിയാൽ ..
എൻ മനം ആഘോഷമായൊരു മോദനിർവൃതി പൂകവേ ,
വാനിൽ നിന്നും വർഷമേകി അനുഗ്രഹിപ്പൂ ദേവകൾ ...

കമ്പിപ്പൂത്തിരി വട്ടചക്രങ്ങൾ മിന്നൽ തോൽക്കുമമിട്ടുകൾ,
എല്ലാം ഓർമ്മയിൽ വർണ്ണമായ് , വിഷുനാളിൻ ഓർമ്മകൾ ദീപ്തമായ്...
ആലയം ദേവാലയവിശുദ്ധിയിൽ ആറാടിയും,
സ്നേഹവും ആനന്ദവും പുണ്യമായ് ,വിഷു ധന്യമായ്....


up
1
dowm

രചിച്ചത്:Saneesh
തീയതി:20-05-2016 01:22:55 AM
Added by :സനീഷ്.കെ . എസ്
വീക്ഷണം:126
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :