തപസ്സ്  - പ്രണയകവിതകള്‍

തപസ്സ്  

മനസ്സിൻ ചുവരിൽ നിൻ നയന മുനകളാൽ
നീ തന്നെ രചിച്ച നിൻ വർണ്ണ ചിത്രത്തിൻ മുന്നിൽ
അക്ഷരലക്ഷം നിന്റെ നാമ കീർത്തനം ചെയ്തു
തപസ്സിൽ മുഴുകിയ നിഷാദനാണിന്നു ഞാൻ.

ഋതുക്കൾ യുഗങ്ങൾക്കു വഴി മാറി നിൽക്കവേ
നിന്നിലെൻ ജീവാത്മാവു ലയിക്കാൻ കാത്തിരുന്നു.
ഈ വനകന്യക തൻ ആടയാഭരണങ്ങൾ
മോടികൂട്ടി നിറങ്ങൾ മാറി മാറി അണിയെ-

തളിരുടുത്തു തരു മുടിയിൽ പൂവണിഞ്ഞു
മുഖമുയർത്തി വീണ്ടും മധു പുഞ്ചിരി തൂകെ-
ഏതൊരു ദേവിയും തൻ ഭക്തനു പ്രത്യക്ഷയാം
എന്ന വിശ്വാസത്തിലെൻ തപസ്സു തുടർന്നു ഞാൻ.

നീയെന്നാലെന്നോടെന്തോ ശാപവാക്കുകൾ മൊഴി-
ഞ്ഞനന്തതയിലെങ്ങൊ അകന്നുപോയി പോലും.
വിധിവൃക്ഷച്ചുവട്ടിൽ ശോക വാത്മീകം മൂടി
ശിലയായ് മാറി ഞാനിന്നഹല്യാ തുല്യനായി !

കോപമീവണ്ണം നിനക്കെന്നിലുൽഭവിക്കുവാൻ
നിന്റെ നീരാട്ടോ നിന്റെ നിദ്രയോ മുടക്കി ഞാൻ?
വിഷാദശിലയായി മാറിയ നിഷാദനെൻ
ശാപമോക്ഷമിനി നിൻ സ്പർശനം കൊണ്ടേ വരൂ.

നാളെയല്ലെങ്കിൽ നൂറു യുഗങ്ങൾ കഴിഞ്ഞാലും
എന്നിൽ നിൻ പ്രസാദം കാത്തിവിടെ ശയിക്കും ഞാൻ.
കാലകാലങ്ങളെത്ര കഴിഞ്ഞാലുമൊരിക്കൽ
നീ വരുമെന്നെന്നുള്ളം ദീനമായ്‌ മന്ത്രിക്കുന്നു.

ഒന്നുകിൽ അന്നു നിന്റെ കരത്തിലണച്ചൊരു
ചുംബനത്താലെനിക്കീ ശാപമോചനം തരൂ.
അല്ലെങ്കിൽ പണ്ടു നിന്റെ നയന നാളമേറ്റു
ലാവയായ്‌ ത്രസിക്കുമെൻ ഉള്ളവും ശിലയാക്കൂ.

ഏന്നെങ്കിലുമൊരിക്കൽ എന്തിനും വരുക നീ
ആ നിമിഷവും കാത്തെൻ തപസ്സു തുടരും ഞാൻ.


up
0
dowm

രചിച്ചത്:തോമസ്‌ മുട്ടത്തുകുന്നേൽ
തീയതി:18-06-2016 04:26:18 PM
Added by :Thomas Muttathukunnel
വീക്ഷണം:278
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :