മരണം കൊതിക്കുന്ന കാലം  - മലയാളകവിതകള്‍

മരണം കൊതിക്കുന്ന കാലം  

മരണം കൊതിക്കുന്ന കാലം, മനസ്സുകൾ
ശിലപോലെയുറയുന്ന കാലം

ശിലപോലുറഞ്ഞൊരീ ഹൃദയങ്ങളിൽ, കരുണ
നദി പോലെ ഉറപൊട്ടിയൊഴുകുമോ?

മൃതഭൂമിയായ്‌ വരണ്ട ഹൃദയങ്ങളിൽ, സ്നേഹമൊരു മഴയായ് പെയ്തിറങ്ങുമോ ?

മരണം കൊതിക്കുന്ന കാലം, മർത്യ
ജനനം ഭയക്കുന്ന കാലം

ഉഷ്ണകാലത്തിലകൾ പൊഴിച്ചൊരീ
നഗ്നശിഖരങ്ങളിൽ പുതു മുകുളമെന്നപോൽ
സ്നേഹമുകുളങ്ങൾ മർത്യ ഹൃദയങ്ങളിൽ
വീണ്ടുമൊരു വസന്തമായ് തളിർക്കുമോ ?

കാറ്റിനെ ചോര മണക്കുന്നു, പുറം
കടലിൽ കബന്ധങ്ങളൊഴുകുന്നു
യന്ത്ര പക്ഷികൾ വിതറിയ മഴയിൽ
തൊടിയിൽ ചിതറി ചുടുരക്തം
ഓടിയൊളിച്ചു ബാല്യം പിറകിൽ
വന്നുപതിച്ചു അഗ്നിമഴ

മരണം കൊതിക്കുന്ന കാലം, ഇതു
കപടം ജയിക്കുന്ന കാലം

ബാലസ്മൃതികളുണർന്ന നേരം
പുഴയിൽ നീന്തിക്കുളിച്ചു തോർത്തി
ജലമല്ല ! രാസമാലിന്യ പൊയ്ക!
പുതു മഴയിൽ നനഞ്ഞൊന്നു നിന്നു
അമ്ലരസമുളള പാഷാണ വൃഷ്ടി!

മരണം കൊതിക്കുന്ന കാലം, യന്തിര
ഹൃദയം മിടിക്കുന്ന കാലം

എണ്ണപ്രഭുക്കൾ ചേർന്നടവെച്ചു
വിരിയിച്ച കരിമൂർഖ മുട്ടകൾ
വിരിഞ്ഞിറങ്ങീ, തെരുവിലൊരു
മൂർഖൻ വെടിച്ചു കീറി
വിഷമേറ്റു വീണതന്നഞ്ഞൂറുപേർ

മരണം കൊതിക്കുന്ന കാലം, മർത്യ
യന്തിരനലയുന്ന കാലം

ധർമബോധം തളിച്ചരുമയായ്
പോറ്റിയ മധുരഫലം കായ്ക്കു
മരുമവൃക്ഷങ്ങളിൽ ,കൈക്കും
ഫലങ്ങൾ കായ്ച്ചതുകണ്ടിതു
എന്തെന്ന് ചോദിച്ചു പണ്ഡിത-
പുംഗവർ, ദൂരെ ഒരു സാമ്രാജ്യ
ദാസൻ ചിരിച്ചുവോ ?

മരണം കൊതിക്കുന്ന കാലം, മർത്യ
ഹൃദയം മരിക്കുന്ന കാലം


up
0
dowm

രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:19-07-2016 04:31:06 PM
Added by :HARIS
വീക്ഷണം:261
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :