മുരളിക
••• മുരളിക ••••
മഴയത്ത് ചൂടിയൊരിലയുമിന്നില്ല
ഇടവപാതിയില് മഴയുമില്ല
കുടിവെള്ളം കോരിയ കുടവുമിന്നില്ല
മലർവനിയിലിന്നാ പുഴയുമില്ല
മണമുണ്ട് നിറമുണ്ട് ഗതിക്കെട്ട ജീവനിൽ
ചെഞ്ചോര പാടുകൾ ബാക്കിയുണ്ട്
കിളിനാദമോതിയ ശിഖരങ്ങളിന്നില്ല
നടവഴിയിലിന്നാ കിളികളില്ല
നറുനീണ്ടി പൂക്കളെ പ്രണയിച്ച വണ്ടില്ല
മണൽ വിരികളിലിന്നാ പൂക്കളില്ല
ഫലമുണ്ട് വിലയുണ്ട് വിഷമുള്ള കായ്ക്കളിൽ
മരുന്നുകൾക്കെല്ലാം ചിലവുമുണ്ട്
നെൽകതിര് കൊത്തിയ തത്തകളിന്നില്ല
തൊടികളിലിന്നാ പാടമില്ല
കൺതുള്ളി കായ്ക്കുന്ന പുല്ലൊന്നുമില്ല
കണ്ണുകളിലൊന്നും തുള്ളിയില്ല
അടിയുണ്ട് പടയുണ്ട് തെറിയുണ്ട് പുരകളിൽ
വൃദ്ധസദനങ്ങളിൽ കൂട്ടമുണ്ട്
കുളിരിൽ കുളിച്ചൊരു കാറ്റുമിന്നില്ല
മണ്ണിലാത്മാവിനു ശാന്തിയില്ല
മലനിരയിൽ മുളന്തോപ്പിൽ മുരളികയുമിന്നില്ല
മുരളികയിലൊന്നിലും ശ്രുതിയുമില്ല
പണമുണ്ട് പിണമുണ്ട് നെറികെട്ട നാട്ടില്
നീറും നിലവിളികൾ ബാക്കിയുണ്ട്
••അമീർ സുഹൈൽ സിപിഡി
Not connected : |