മാനവ മാനസം
മനുഷ്യ മനസ്സൊരു മായിക പ്രപഞ്ചം
അനന്തമാം താരാപഥങ്ങളാൽ ശബളിതം
മിഥ്യയല്ലിത് മർത്യന്നു സ്വന്തമാം
വികാര-വിചാരാദികളാൽമുഖരിതം
അനവധിനിരവധിയനുസ്യൂതമാം
ചിന്താസരിത്തുകൾതൻ പ്രഭവകേന്ദ്രം
പ്രശാന്ത തരംഗങ്ങൾ മാത്രമല്ലിവിടെ, ചില
പ്രക്ഷുബ്ധ തരംഗങ്ങളുമിടംപിടിച്ചീടിടും
സ്നേഹം ജനിക്കുന്നതുമിവിടെനിന്നായ്
വൈരം ജനിക്കുന്നതുമിവിടെനിന്ന്
കരുണ നിറയുന്നതുമിവിടെനിന്നായ്
ക്രൗര്യം വിടരുന്നതുമിവിടെനിന്ന്
കാമാഗ്നി ജ്വലിക്കുന്നതുമിവിടെനിന്നായ്
നിഷ്ക്കാമ ചിന്തകളുമിവിടെനിന്ന്
ഇവ്വിധം വൈരുദ്ധ്യ വിചാരാദികൾ
കൂട്ടായ്വസിക്കുമീ ഗേഹമാം ചേതസ്സിൽ
സദ് ചിന്തനങ്ങളൊക്കെയും മനസ്സിന്
വളരാനുതകുന്ന വളമായ് ഭവിച്ചീടും
ദുഷ്ചിന്ത പേറിടും ചേതസ്സോ വളരില്ല,
വളഞ്ഞിടും ജീവിതപ്പാതയിലുടനീളം
ചേതസ്സാം രഥത്തിലെയശ്വത്തിൻ ചരടുകൾ
മർത്യൻതൻ വരുതിയിലെന്നുമേ നിശ്ചയം
നിരങ്കുശമായൊരു ചിത്തമാം രഥത്തെ
നിയന്ത്രിപ്പതിന്നായ് ദേവൻ അശക്തൻ
പരംപൊരുളിതൊന്നേ ഇഹത്തിലുള്ളൂ,അതു-
നിൻ ചേതസ്സിന്നുള്ളിലെന്നോർക്കനീയെപ്പോഴും
Not connected : |