കറുത്തവന്‍ റാഗ് ചെയ്യപ്പെടുമ്പോള്‍ - മലയാളകവിതകള്‍

കറുത്തവന്‍ റാഗ് ചെയ്യപ്പെടുമ്പോള്‍ 

കൂട്ടുകാരേ പറയരുതിങ്ങനെ, പാട്ടുപാടാം പശിയടക്കീട്ടു ഞാന്‍
കേട്ടതെല്ലാം സത്യമെന്നോര്‍ത്തിനി പാര്‍ത്തിടല്ലേ കളിയായിട്ടെന്നെയും
എന്റെ പാത്രത്തിലില്ലിത്തിരി വറ്റുമെന്നതാണാ സത്യമെന്നാകിലും ഇല്ല ചൊല്ലില്ല, സത്യമെന്നാലത് കള്ളമായി കരുതരുതേ നിങ്ങള്‍!


തെല്ല് നേരം കഴിയാതെ വന്നിടാനില്ല ഞാനതിന്‍ കാരണം ചൊല്ലിടാനില്ല, എന്നെ വെറുക്കരുതേ നിങ്ങളല്ലലില്ലാത്ത മക്കള്‍! പശിയറിയാത്തവര്‍!
വെറുപ്പുമാത്രമാണെനിക്കു് നിങ്ങളീ കളിചിരിയും പ്രണയവും ചൊല്ലവേ, വയറുവെന്തവനെന്താണ് പ്രേമം, കറിയുമുപ്പുമല്ലാതെ തോഴരെ?


കറുത്തവന്റെ മുഖം മാത്രം നോക്കി നീ പറയരുതേ വിശുദ്ധിയില്ലെന്നും
പഴിക്കരുതേ കുലത്തിനെ എന്തിന് വെളുപ്പു്? കറുപ്പിലെനിക്കില്ല സങ്കടം
കറുത്തതല്ലെന്റെയുള്ളെങ്കിലും ഞാന്‍ നടിച്ചിടും തെല്ല് പരുക്കനായിങ്ങനെ, മടുക്കരുതേ നിവൃത്തിയില്ലാത്തവന്നരവയറിലും അഭിമാനമുത്തമം!


കേട്ടപാട്ടുകള്‍ കേള്‍ക്കാത്തപാട്ടുകള്‍ പാട്ടുകള്‍ പഴംപാട്ടുകള്‍ പാടിടാം
കേട്ടിരിക്കവെയോര്‍ത്തുനോക്കീടുക, കേട്ടതൊന്നും കഥയല്ല, വാസ്തവം
പാട്ടിനപ്പുറം പാടമുണ്ടക്കരെ പാട്ടുപാടുന്ന കോരനുമുണ്ട്, പാടമല്ലത് യാഗവേദി
ഞാറുകറ്റ കുശപ്പുല്ലു് തന്നെ! നീരൊഴുക്കിയ ഭഗീരഥനാണ് കോരനെന്നതറിയുമോ നിങ്ങള്‍?


പുസ്തകം മറച്ചീടുവാനുള്ളൊരു പത്രമെങ്കിലുമില്ലാത്ത ചെറുമന്റെ പുസ്തകത്തില്‍ ചെളിപുരണ്ടീടവെ, പുച്ഛമെന്തിന്ന്? ചിന്തിച്ചു കൊള്‍ക!
കാലം തന്നെ തകര്‍ത്തെറിഞ്ഞൊരു വംശജീവിതത്തിന്ന് മദ്യം പകരവെ,
ആട്ടിയോടിപ്പാനാര്‍ക്കുന്ന നിങ്ങള്‍ക്കേറ്റുമുട്ടുവാനെന്തുണ്ട് പൈതൃകം?


പുതുരീതിപഠനത്തിനരുമയായിട്ട പേരിലായീടാം കളിയെന്നിരിക്കിലും, കളി വേണ്ട
കരയുന്നവനോട്, കരിഞ്ഞ വയറിനോടും വേണ്ട കളിയൊന്നും കൂട്ടരേ..
പാട്ടുപാടാനില്ല മടിയെനിക്കാര്‍ത്തുപാടാനീ വേദി പോരല്ലോ,
ആട്ടമാടാം ഞാനാര്‍ത്തുമദ്യത്തിലല്ല നല്ല പനംകള്ളില്‍ മാത്രം!


നൂറുനൂറ്റാണ്ടിനപ്പുറമാര്യന്റെയാട്ട് കേട്ടന്നകന്നവര്‍ ഞങ്ങള്‍,
വാളിനാലല്ല നേടിയതൊന്നും, എന്നുമിങ്ങനെയൊതുങ്ങി മദ്പൂര്‍വ്വികര്‍!
നിങ്ങളാണ് ചമച്ചതീ ലോകത്തിലല്ലലത്രയും വേദം പലതരം, നിങ്ങളാണ് ചമച്ചത് രാഷ്ട്രവും മണ്ണിനായുള്ളൊരാര്‍ത്തിയും കൂട്ടരേ, അന്നും പാടിച്ചാടിച്ചു നിങ്ങള്‍!


ചോരചിന്തുന്ന പാട്ടുകള്‍ പാടുവാനാഞ്ഞതില്ലല്ലോ മണ്ണിന്റെ മക്കള്‍ നന്ദിയോടെ നീയോര്‍ക്കുകയാര്യനീ മണ്ണിലൂന്നുന്ന മൂവടിമണ്ണിനുമന്യനാണെന്നതാകുന്നു സത്യം!
നീളവേ നിങ്ങള്‍ പാഞ്ഞങ്ങുപ്രാപിച്ചു ഭാരതത്വമതുത്തമമെങ്കിലും, നേരവകാശിയാകില്ല, നിങ്ങള്‍ക്കീ വേര്‍തിരിവുള്ള കാലം വരേയ്ക്കും!


up
2
dowm

രചിച്ചത്:ആര്‍ജേകേ
തീയതി:08-08-2016 01:52:25 PM
Added by :Aarjaykay
വീക്ഷണം:194
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :