കള്ള് ഷാപ്പിൽ       
    കള്ള് ഷാപ്പിൽ
 ---------------------- 
 
 
 കള്ള് ഷാപ്പ്.... അത് 
 കറുത്ത അക്ഷരങ്ങളുള്ള 
 വെളുത്ത ബോർഡിനു പിന്നിലെ 
 ഓല മേഞ്ഞ ഉട്ടോപ്യയാണ്.
 പൂച്ച പെറ്റു കിടക്കുന്ന മൂലയിൽ 
 കാലിളകിയ ബെഞ്ചിലിരുന്ന്
 മേശ മേലെ സമാധാനത്തിന്റെ 
 നിറമുള്ള മുലക്കുപ്പി 
 ഗ്ലാസിലേക്കു പകർന്ന്
 മോന്തിത്തുടങ്ങുമ്പോൾ 
 കാണാം 
 ഇരുളിൽ നിന്ന് 
 ഇടം വലം നോക്കി 
 ധൃതിയിൽ 
 വാതിൽ കടന്നു വരുന്ന 
 'തെരേസ' മാരെ....
 കോപ്പയൊന്നു കാലിയാവുമ്പോൾ 
 അവർ മാലാഖ മാരാണ്
 കുപ്പികളും ഗ്ലാസുകളും 
 കൂട്ടിമുട്ടുന്ന മേളത്തിൽ 
 ചിറകു വിരിച്ചവർ 
 ചുവടു വയ്ക്കുന്നു. 
 താളം മുറുകുമ്പോൾ 
 സൗഹൃദത്തിന്റെ 
 മുല്ലപ്പന്തലിൽ 
 നനഞ്ഞ നാവിൽ നിന്ന് 
 നിലയറ്റ് തെറിച്ചു വീഴുന്ന 
 പുള്ളുവൻ പാട്ടിൽ 
 അവർ കളമെഴുതി 
 മായ്ക്കുന്നു.
 
 ഒടുവിൽ 
 ആരവങ്ങളൊഴിഞ്
 ലഹരി തൂങ്ങുന്ന കണ്ണുകളുമായി 
 മനസ്സില്ലാ മനസ്സോടെ 
 വാതിൽ കടന്നു പോകുമ്പോൾ 
 കാഴ്‌ച്ചയിൽ അവർ  
 'ഗാന്ധി'മാരാണ്.
 
 
 സന്തോഷത്തിന്റെ 
 ഈ പറുദീസയിലേക്ക് 
 എന്നെ കൈപിടിച്ചു നടത്തിയ
 എന്റെ കുടിയൻ കൂട്ടുകാരാ,
 "നിനക്കൊരാപകടം പറ്റിയാൽ 
 നിന്റെ പെങ്ങൾ പെരുവഴിയിൽ 
 അപമാനിതയായാൽ 
 കൈകെട്ടിനിൽക്കുന്ന 
 രൂപങ്ങൾക്കിടയിൽ 
 പ്രതികരിക്കാനൊരാളുണ്ടേൽ  
 അതൊരു കുടിയനായിരിക്കും"
 എന്നെന്നെ ധരിപ്പിച്ച്
 കടന്നു പോയ 
 നിന്റെ ഓർമക്കു മുമ്പിൽ 
 ഒരു നിറകുപ്പിയും 
 രണ്ടു ഗ്ലാസ്സുകളുമായി 
 ഞാനിപ്പൊഴും
 കാത്തിരിക്കുന്നു.....
 
 
 
 
 
 മദ്യപിച്ചിട്ടില്ലാത്ത നിയമത്തിന്റെ മുന്നറിയിപ്പ്:-
 കള്ളുകുടി ആരോഗ്യത്തിനു ഹാനികരം 
 
 
 
 
 
 
 
 
  
 
      
       
            
      
  Not connected :    |