ആരുമാകേണ്ട നീ - തത്ത്വചിന്തകവിതകള്‍

ആരുമാകേണ്ട നീ 

ആരുമാകേണ്ട നീ

ആരുമാകേണ്ട!..,
ആരുമാകേണ്ട നീ!..,
ആരുമാകേണ്ട നീ, നീയാക മക്കളെ!
നിന്നമ്മ തന്നരുമക്കനിയാക മക്കളെ!
ഉണ്ടായിരിക്കേണമെന്നും നിൻ സിരകളിൽ
ഞാൻ നിനക്കായി ചുരത്തിയ മമത തന്ന-
മൃതിൽ നിന്നൂറിയ ജീവ സങ്കൽപ്പങ്ങൾ.
ജാതി മത വർണ്ണ വർഗ്ഗ ഭേദങ്ങളെ
ചൊല്ലി നീയമ്മയെ പഴി പറയൊല്ല നീ.
ഹിന്ദു മുസൽമാൻ കൃസ്ത്യാനി നിർ-മതൻ
ആരാകിലും നിങ്ങളെൻ മക്കളല്ലയോ?
കാണ്‍ക നിൻകയ്യിലെ അഞ്ചു വിരലുകൾ
അഞ്ചും സ്വഭാവത്തിൽ വ്യത്യസ്തമല്ലയോ !
തമ്മിൽ നിരതെറ്റിനിൽക്കുമൊരുവിര-
ലല്ലയോ താങ്ങായിതരർക്കെന്നാളിലും.
മകനേ പതറാതെ നേരാം സരണിയിൽ
മുന്നോട്ടു പോകവേ എന്നും നീയോർക്കണം.
ഓരോ മതങ്ങളുമവയുടെ ധർമ്മങ്ങൾ
അക്രമ മന്യേ വഹിച്ചീടുമെങ്കിലേ
ഇല്ലാതെയാവുന്നതല്ലോ വൈജാത്യങ്ങൾ
വൈരവിദ്വേഷങ്ങളെന്നു മറിയുക.

മാനിച്ചിടാതെ നീ നീതി സമാധാന
സ്വാതന്ത്ര്യ ഹീനമാം നീചവ്യവസ്ഥയെ.
കാമിച്ചിടാതെ നീ ദുഃഖിത മാനവ
ശാപവചസ്സുകൾ പേറും പദവിയെ;
മണ്ണിനെയല്ല മനുഷ്യനെ സ്നേഹിക്ക!,
മർദ്ദിത പീഢിത ലോകത്തെ സേവിക്ക!,
നീതി സമാധാന സ്വാതന്ത്ര്യ ഹീനമാം
നീചവ്യവസ്ഥകൾക്കെതിരായ് പ്രയത്നിക്ക!,
സത്യ സമത്വ സാഹോദര്യ നീതികൾ
ക്കായിപ്പൊരുതി നീ അമരത്വം പ്രാപിക്ക!.
നിന്നമ്മ തന്നഭിമാനമായെന്നെന്നും
മണ്ണിലും വിണ്ണിലും കീർത്തി നേടീടുക!.
മകനേ, ഇതരർക്കുപദ്രവമാകാതെ
ആരെന്തു ചെയ്താലും ന്യായമെന്നോർക്കണം.
ഉറ്റവർ നിങ്ങൾ പരസ്പരം ഭിന്നിച്ചു-
ടയവർ നിങ്ങളന്യോന്യം പൊരുതുകിൽ;
അവസരം പാർത്തു കഴിയുന്നരികളാൽ
അമ്മതൻ മണ്ണിലടിമകളായിടാം.

********************
എസ് ഏ അൽഅൻസാരി


up
0
dowm

രചിച്ചത്:എസ് ഏ അൽഅൻസാരി
തീയതി:18-08-2016 05:39:00 PM
Added by :എസ് ഏ അൽഅൻസാരി
വീക്ഷണം:147
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :