പാഴ്ജന്മങ്ങൾ
കാട്ടാളൻ ലജ്ജിച്ചിടും കേശവിതാനവും,
മേനിയിലൊട്ടിടും സ്ലിംഫിറ്റ് കുപ്പായവും,
ചെവിയിൽ ലതകളെന്നപോൽ ഹെഡ്സെറ്റും,
പത്തിഞ്ചു വീതിയിലൊരു മൊബൈലുമായ് ചിലർ.
ന്യു ജനറേഷനെന്നു പേർ ഇവർ കാട്ടുന്നതോ,
ഒരു ജനറേഷനുമൊട്ടംഗീകരിക്കാത്തതും.
പൊതുസ്ഥലങ്ങളിലിവർ കാട്ടും അടിവസ്ത്ര-
പ്രദർശനത്താൽ വലയുകയാണു ജനം.
അത്യാഢംബരമാം ഇരുചക്ര ശകടത്തെ,
ഭാവനാപൂർണ്ണമായ് പരിവർത്തനം ചെയ്ത്,
ഹെൽമറ്റു പോലും ധരിക്കാതിവർ കാട്ടും,
തോന്ന്യാസങ്ങളാൽ പൊറുതിമുട്ടുന്നു ജനം.
ജനനിബിഢമാം പാതയെന്നോർക്കാതെ,
നൂറു മൈൽ വേഗത്തിൽ പായുകയാണിവർ.
സ്വജീവനോ തെല്ലും വില കൊടുക്കുന്നില്ല,
അപരന്റെ ജീവനും അപഹരിച്ചീടുന്നു.
സംഘം ചേർന്നു മദ്യവും, കഞ്ചാവിനാലും
ലഹരി ശിരസ്സിൽപ്പിടിച്ചുന്മത്തരായിട്ടു-
സ്വബോധം പോലുമില്ലാതെ തെരുവുകളിൽ
അലഞ്ഞു തിരിഞ്ഞൊടുങ്ങിടും ജന്മങ്ങൾ
ഇതു താൻ ന്യൂ ജനറേഷനോ തൽഫലം
എന്തെന്നറിഞ്ഞീടുമോ നീ സോദരാ ?
ഒടുങ്ങില്ലീ ന്യൂ ജനറേഷനൊരിക്കലും,
ഒടുങ്ങിടും നിൻ ജനറേഷൻ മാത്രമായ്.
Not connected : |