മലയുടെ ചരമ ഗീതം
ഇനിയുടുക്കുവാനില്ല പച്ചപ്പുകൾ
അടയിരിക്കുവാനെത്തില്ല പക്ഷികൾ
ഇനി ശ്രവിക്കില്ല കാടിന് സംഗീതവും
കാട്ടുചോലകളുതിർക്കും സ്വരങ്ങളും
തലയെടുപ്പുള്ള ശൃങ്ഗങ്ങൾ കൊത്തുവാൻ
ഫണമുയർത്തുന്നു യന്ത്രസർപ്പങ്ങൾ
കുടലു മാന്തിപ്പറിച്ചെടുത്തേതോ
ചരലുലോറികൾ ചുരമിറങ്ങുന്നു
വെടിമരുന്നുകൾ തീറ്റിയെന്റെ
പാറമടകൾ തകർത്തെടുക്കുന്നു
ഇനിയുടുക്കുവാനില്ല പച്ചപ്പുകൾ
അടയിരിക്കുവാനെത്തില്ല പക്ഷികൾ
മഴകളെന്നിൽ പതിക്കുന്നു കൽവൃഷ്ടിപോൽ
കുത്തിയൊഴുകുന്നു കൂടെയെൻ പ്രാണനും
കുടപിടിക്കുവാനില്ല വൃക്ഷങ്ങളും
വെയില്‌പെയ്യുന്നതഗ്നിവർഷങ്ങളായ്
ഉടലുകത്തിക്കരിഞ്ഞു ഞാൻ നിൽക്കവേ
ഉഴുതു കൊല്ലുവാനെത്തുന്നു യന്ത്രങ്ങൾ
ഹരിതസ്വപ്നങ്ങളേതോ മരീചിക
പോലെ സ്മ്രിതികളിൽ കെട്ടടങ്ങീടുന്നു
ഇനിയുടുക്കുവാനില്ല പച്ചപ്പുകൾ
അടയിരിക്കുവാനെത്തില്ല പക്ഷികൾ
രചിച്ചത്:ഹാരിസ് ചെറുകുന്ന്
തീയതി:24-09-2016 04:07:35 PM
Added by :HARIS
വീക്ഷണം:224
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |