കാരിരുമ്പിൻ വഴി
ഉലയിൽ പഴുത്തു ഞാൻ
ഉരുക്കിന്റെ ചാട്ടുളി..
പ്രഹരങ്ങളേറ്റു ഞാൻ
പിന്നെയും അനവധി..
ഉരുകിയും, പിന്നെയാ
പ്രഹരങ്ങൾക്കിടയിലും
തളരാതെ, തകരാതെ
തീവ്രതയേറ്റി ഞാൻ..
കാരിരുമ്പിൻറെ, തീ-
ക്കനലിന്റെ തീക്ഷ്ണത
ഇടയിലെ ജലപതന-
സ്പർശമായ് പുഞ്ചിരി..
കരുത്തിന്റെ, കനലിന്റെ
കാച്ചിയൊരിരുമ്പിന്റെ,
മൂർച്ചയേറ്റുന്നൊരാ
കഠിനപ്രഹരത്തിന്റെ,
കടമ്പകൾക്കൊടുവിലായ്
മിന്നുന്ന വായ്ത്തല-
ത്തിളക്കത്തിലഞ്ചിക്കും
ഗർവ്വമായ്, വേഗമായ്
ലക്ഷ്യത്തിലേക്കാഞ്ഞു
വീശുന്ന കൈക്കരു-
ത്തുഗ്രത ചോരാതെ
ചെന്നെത്തിടും വഴി..
കനലിട്ട കൈവഴി,
അഴലിൻറെ കൽവഴി,
ഇടനെഞ്ചിലാഴ്ന്നിറ-
ങ്ങുന്നൊരാ പോർവിളി..
ജനിമൃതികൾക്കിടയിലെ
ജീവനം ഈ വഴി..
സങ്കൽപ്പ സന്തപ്ത
സന്തുഷ്ട ചേതസാ,
കണ്ടെത്തിടും വഴി..
കാരിരുമ്പിൻ വഴി..
Not connected : |