പ്രഹേളിക
ആരാണ് നീ എന്റെ ചിന്തയെ ദീപ്തമാക്കി
അതില്‍ നിന്‍ പ്രകാശത്തിന്‍ പ്രഭയേകി തെളിഞ്ഞീടും
ആ മന്ദഹാസത്തിന്‍ പൊന്‍വെളിച്ചത്തിലെന്റെ
മനസ്സിന്നുണർന്നീടും ബുദ്ധിയും തെളിഞ്ഞീടും
തേടി ഞാന്‍ അലയുന്നൂ സംവത്സരങ്ങളായി
തീരാതെ ഉഴറുന്നൂ സംശയങ്ങള്‍ ഏറെയായി
എന്തിന്? എന്തുകൊണ്ട്?ഉത്തരം എനിക്കെന്നുമന്യം
ചോദ്യങ്ങള്‍ ബാക്കിയായി എന്നുമെന്‍ അകക്കാമ്പില്‍
ആരാണു ഞാന്‍? ആരെന്‍ ലോകത്ത് വിഹരിക്കും
സ്നേഹിതര്‍ ബന്ധുക്കള്‍ ശത്രുക്കള്‍ മിത്രങ്ങളും?
ആരിവര്‍? എന്തിനെന്നോടിഷ് ടവും വിദ്വേഷവും
ആരിവരെ കൊണ്ടുവന്നെന്‍ സഹയാത്രികരാക്കി?
ഉത്തരം മുട്ടി ഞാനും തേടലിന്‍ തീര്‍ത്ഥാടനം
തുടങ്ങി, ഒടുങ്ങിയില്ലെന്‍ വിഹ്വലമാം ചിന്തകളും
ജ്വലിക്കും സൂര്യനാരു പറഞ്ഞിട്ടുദിക്കുന്നൂ?
പാലൊളിതൂകി എന്തേ പുഞ്ചിരിപ്പൂ പൂന്തിങ്കളും?
പുഴ എന്തിനിന്നു വീണ്ടും കളകളം പൊഴി,ച്ചെന്തി -
നലമുറയിട്ട് പോയി സാഗരത്തില്‍ ചേര്‍ന്നിടുന്നൂ?
പൂവുകള്‍ ആര് ചൊല്ലി വിടരുന്നൂ? കൊഴിയുന്നൂ?
പൂമേനി തഴുകി എന്തേ തെന്നലുമിന്നണയുന്നൂ ?
ആരുടെ നിയോഗമാണിന്നു ഞാനും നീയുമായി
പാരിലിന്നു പലവട്ടം ജനിക്കുന്നൂ മരിക്കുന്നൂ?
ആരായിരുന്നു ഞാനും നീയും ആ ജന്മങ്ങളില്‍?
ആരോടാണെനിക്കിന്നു സ്നേഹവും വൈരാഗ്യവും?
പൂമ്പാറ്റയായി മാറും പുഴുവിന്റെ ജന്മം കൊണ്ട്
പൂര്‍ണ്ണ മാക്കുന്നൂ ഭവാന്‍ ജനിമരണങ്ങള്‍ തന്‍
പ്രഹേളിക; പലനാളായ് ഞാനുമെന്റെ ചിന്തയാകും
പാല്‍ക്കടല്‍ കടഞ്ഞിന്നീ അമൃതെന്നില്‍ നിറയുന്നൂ...
ഞാനെന്ന ഭാവംകൊണ്ടു മതിമറന്നാഘോഷിക്കും
മനുജര്‍ തന്‍ ബുദ്ധിക്കും മനസ്സിനും എത്താദൂരം
മരുവുന്നൂ ഭവാന്‍, നിത്യം മഹത്തരം ചേതോഹരം
നിരൂപിക്കും നടത്തിക്കും മായാമോഹനജാലം...
Not connected : |