മരണം
മരണമേ, ഇന്ന് ഞാൻ നിന് മടിയിൽ തല ചായ്ച്ചു
ഒരു മാത്ര കണ്ണൊന്നടച്ചുറങ്ങിക്കോട്ടെ ..
മറുത്തൊന്നും പറയല്ലേ, മൗനമാം സമ്മതം
മനതാരിലെന്നോടുള്ളിഷ്ടത്തിൻ സന്ദേശം..
എന്നോളം ഞാൻ നിന്നെ സ്നേഹിക്കും നിമിഷത്തിൻ
നിർമ്മലമായൊരു സന്ദേശ തുടിപ്പുകൾ..
എന്നിലെ എന്നിലേക്കിന്നു ഞാൻ ഊളിയി-
ട്ടെങ്ങിനെ ഞാൻ ഇന്നും ആഴത്തിൽ പരതിയോ
ആ നിമിഷത്തിൽ ഞാൻ തേടുമൊരുൾപ്പൂവിൻ
മിഴിവാർന്ന നിറവുമെൻ നിനവിലിന്നുണരുന്നു
സന്ദർഭമില്ലാതെ, സന്ദേശമറിയാതെ,
ഉഴറിയോരെന്നെ ഇന്നാദ്യമായറിയുന്നു..
ഞാൻ എന്ന നിറവിനെ തേടി ഞാൻ അലയുമാ
കാലമെല്ലാം നീ എൻ നിഴലായി നിന്നുവോ
പിന്നിലെ നിഴലായി, മുന്നിൽ വരാതെ നീ
കാണാതെ നിന്നെ ഞാൻ അലയുന്നു, തളരുന്നു
വീണ്ടും ഈ വഴിയിലെ പുല്ലിലും കല്ലിലും
വീണു കിടക്കുന്ന കരിയിലക്കാട്ടിലും
കത്തുന്ന വെയിലിലും തെളിവാർന്ന പുഴയിലും
തുള്ളിക്കളിക്കുന്ന മഴനീർ തുടിപ്പിലും
എങ്ങുമാ ചൈതന്യമലിയുന്നു, ഞാനുമാ
മണ്‍വീണയൊന്നിങ്ങു തഴുകുന്നു മൌനമായ്..
താനേ തെളിയുന്നു, അണയുന്നു, പകലുകൾ
താരകക്കൂട്ടവും കണ്ണുചിമ്മുന്നിതാ..
ഞാൻ എത്ര നാൾകളായ് നിൻ മടി തേടുന്നു,
ഇന്നു നീ വന്നണ, ഞ്ഞിന്നു ഞാൻ നിസ്വനായ്
തീരുന്നു, തേടലിൻ തിരയിളക്കങ്ങളും
തീരാത്ത നൊമ്പരം, തേങ്ങലും, കണ്ണീരും...
ആശ്വാസവചനങ്ങൾ സാന്ത്വനം നല്കുമോ?
ആലിംഗനങ്ങളിൽ തീരുമോ ഗദ്ഗദം...
അണയുന്ന മാത്രയിൽ മറ്റൊരു ജ്വാലയായ്
തെളിയുന്നു, തെരുതെരെ മോഹങ്ങൾ കത്തുന്നു..
കൊഴിയുന്നു, വർഷങ്ങൾ കാത്തിരുന്നീടുമെൻ
തീരാത്ത നോവിന്റെ നഷ്ടസ്വപ്നങ്ങളും..
ആത്മാവ് പിടയുന്നു വീണ്ടു,മിന്നീ ജന്മ-
മായുസ്സു തീരാതെ മൃത്യുവും പുണരുന്നു...
Not connected : |