മൂവർ
ഈശ്വരന്റെ പ്രതിരൂപങ്ങളായ് പൂജ്യരായി
ഈരണ്ടു പേരുണ്ടല്ലോ ജന്മം തന്നവരായി
പിന്നെ പതിയായ് വന്നു നിഴലായ്, തണലായ് നില്‍ക്കും
പടച്ചവന്‍ തന്നെയല്ലേ മൂവരായ് ഇന്നെന്‍ മുന്നില്‍..
പറയാനാവുമോ ഇന്നെന്‍ നാവിനും മതിയാവോളം
പരസഹസ്രം കോടി പ്രണാമം മനതാരില്‍
നിറഞ്ഞു വഴിഞ്ഞൊഴുകീടുന്നു കണ്‍കള്‍ രണ്ടും
നിവർത്തിയില്ലല്ലോ കൃഷ്ണാ സാഷ്ടാംഗം പ്രണമിക്കാന്‍
മനസ്സുകൊണ്ടെന്നും നിന്നെ ശയനപ്രദക്ഷിണം ചെയ്യും
മറിച്ചൊന്നു പറയാനെനിക്കില്ലല്ലോ അറിവും, വാക്കും..
അമ്പാടിക്കണ്ണാ നീയെന്‍ കണ്ണുനീര്‍ തുടച്ചിന്നു
അമ്പോറ്റിയായെന്‍ മുന്നില്‍ മൂവരായ് വിളങ്ങുന്നു
എന്നും ഞാന്‍ നിന്റെ സ്പര്‍ശം അറിയുന്നൂ; ഭവദ് രൂപം
കാണുന്നൂ കണ്‍കുളിരെ അമ്മയും അച്ഛനുമായ്
ആലംബമില്ലാത്തോരെനിക്കെന്തിനു വേറെ വേണം
ആലിലക്കണ്ണാ നീയെന്‍ അരികത്തു വിളയാടുമ്പോള്‍
അനന്യം അതുല്യം നിന്‍ കാരുണ്യ കുളിര്‍ സ്പര്‍ശം
അമ്മയായ് അച്ഛനായ് പിന്നെ പതിയായ് നിത്യം ചേരും
അലിവിന്‍ പൊരുളെ പൊന്‍ മലരടിയിണ തൊഴും
അഗതിയാമെന്റെ ഉള്ളില്‍ സാന്ത്വന സ്പര്‍ശം നീയെ..
Not connected : |