കാളിയമർദ്ദനം
കണ്ണാ നീ കാണുന്നില്ലേ എന്റെയീ വിലാപങ്ങള്‍
കാരുണ്യമോലും നിന്റെ കാല്‍ക്കല്‍ വീണിന്നു കേഴും
കഴലിണ കൂപ്പി കണ്ണുനീരിറ്റു ധാരയായി
അഴലറിയാനിന്നീ ഭുവനത്തില്‍ മറ്റാരുള്ളൂ ?
കര്‍പ്പൂരമായിന്നെരിയുന്നൊരെന്‍ നെഞ്ചകത്തില്‍-
പ്പുക്കു, നീ എന്റെയുള്ളില്‍ എരിയുന്ന തീയണക്കൂ..
തൃക്കൈയ്യിൻ വെണ്ണ കൊണ്ടീ വെന്തുരുകുമെന്നുള്ളം
തഴുകിത്തലോടിയെന്റെ നെഞ്ചില്‍ നീ കുളിരേകൂ..
കാളിയനെപ്പോലെ എന്റെ മനസ്സാം കാളിന്ദിയില്‍
കാര്‍മുകില്‍വര്‍ണ്ണാ നൃത്തമാടും എന്‍ കദനങ്ങള്‍
കഴുത്തു പിടിച്ചുടച്ചമർന്നു തലയിലേറി
കാലടിക്കടിയില്‍ വച്ചിട്ടമര്‍ത്തിച്ചവിട്ടിയാടൂ..
കല്‍മഷമെല്ലാമൊഴിഞ്ഞെന്നുള്ളം തെളിയട്ടെ
കടലിന്നടിത്തട്ടില്‍ ചിപ്പിക്കുള്‍ മുത്തുപോലെ,
കാര്‍മേഘക്കൂട്ടമൊഴിഞ്ഞാദിത്യന്‍ തെളിയട്ടെ
കരുണതന്‍ പ്രഭാപൂരം അലയായൊഴുകട്ടെ
അഴലില്‍ തപിക്കുന്നോരെന്‍ മനക്കാളിന്ദിയില്‍
അലിവിന്‍ മനോജ് ഞമാം കാളിയമര്‍ദനം നീ,
ആടിയിന്നാര്‍ത്തു നില്‍ക്കും കണ്ണനെ കണ്ടു, കണ്ണീര്‍
ആഴിയായ് നെഞ്ചില്‍ വീണു, കഴുകിക്കളഞ്ഞു താപം
കദനമാം കാളിയനെ ചവിട്ടിത്താഴ്ത്തി നെഞ്ചില്‍
കനിവിന്‍ കാളിന്ദിയായ് ഒഴുകും നിന്റെ പ്രേമം
കാരുണ്യമോലും നിന്റെ പാല്‍പ്പുഞ്ചിരിയിലിന്നു
കുളിര്‍ന്നു മണ്ണും വിണ്ണും മനസ്സും, അഹോ ഭാഗ്യം..!
Not connected : |