പ്രണതോസ്മ്യഹം  - മലയാളകവിതകള്‍

പ്രണതോസ്മ്യഹം  

കടന്നു പോന്നൊരാ വഴികളിലെവിടെയോ
ഉടഞ്ഞു വീണെന്റെ നെഞ്ചകം ചിതറിയോ
കിലുങ്ങിത്തെറിച്ചു വീണലിഞ്ഞു ചേർന്നൂ മണ്ണിൽ
പളുങ്കുപാത്രമാമെൻ മിടിക്കും ഹൃദന്ദവും
കദനങ്ങൾ കണ്ണുനീരായൊഴുകീ നിത്യം മൌനം
കരിഞ്ഞു പുകഞ്ഞെരിയും ചന്ദനത്തിരിപോൽ ഞാനും
കർമ്മബന്ധങ്ങൾ തീർക്കും കൽത്തുറുങ്കിങ്കൽ നീളും
മന്വന്തരങ്ങളാകും നിമിഷങ്ങൾ നിതാന്തമാം
നെടുവീർപ്പു വിങ്ങും നെഞ്ചിൽ നിറഞ്ഞു കത്തും നിത്യം
നീരാഞ്ജനമായെൻ മനസ്സിൻ തിരിനാളം
പതിഞ്ഞ ശബ്ദത്തിലെൻ പ്രാർത്ഥന കേട്ടുവോ നീ
പരിഭവമേതുമെനിക്കില്ലല്ലൊ കണ്ണാ സത്യം
ഓരോരോ നിമിഷവും നിന്നെ സ്മരിപ്പൂ നിത്യം
ഓരോരോ വചനവും നിൻ നാമജപം മാത്രം
ഓരോരോ ചെയ്തികളും നിൻ കാൽക്കൽ അർച്ചനകൾ
ഓർമ്മകൾ ചിന്തകൾ നിൻ പാദപങ്കേരുഹം
കർമങ്ങൾ സ്മരണതൻ തനിയാവർത്തനം പോൽ
ജന്മാന്തരങ്ങൾ നീളും ഋണബന്ധനത്തിൻ തന്തു
കല്പാന്തകാലത്തോളം നിൻ സ്മരണയിൽ മനം
അചഞ്ചലമായെന്നും സാധന ചെയ്യും മന്ത്രം
മാനവസേവയിലും മാധവനെ സേവിക്കും കർമ്മം
മംഗളമൂർത്തേ നിത്യം പാഹിമാം പ്രണതോസ്മ്യഹം


up
0
dowm

രചിച്ചത്:രാധിക ലക്ഷ്മി ആർ നായർ
തീയതി:01-01-2017 09:25:56 PM
Added by :radhika lekshmi r nair
വീക്ഷണം:81
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :