വഴിക്കൺവിളക്ക്
കാൽവിരലുണ്ണുന്ന കാർമുകിൽവർണ്ണാ നിൻ
കാഞ്ചനനൂപുരധ്വനിയായി ഇന്നു ഞാൻ...
കാർകുഴൽച്ചുരുളഴകിലൊളിക്കുമാ പൊന്മുഖം
കാർമേഘമാലകൾക്കിടയിലെ വെണ്മതി ..
കുസൃതിക്കുറുമ്പോടെ നോക്കുമാ കൺകളിൽ
കാണുന്നു ഞാൻ എൻറെ കണ്ണാ നിൻ കാരുണ്യം
കൊലുസ്സൊലികളുതിരുന്ന പൂവൊക്കും പാദങ്ങൾ
കണ്ണുകൾക്കാനന്ദം, കാതിനു സംഗീതം..
കാർകുഴലിൽ ചാഞ്ചാടും പൊന്മയിൽപ്പീലിയും
തിരുമാറിൽ ചേരുന്ന തുളസിമലർമാല്യവും
കാണുന്ന മാത്രയിൽ ആനന്ദ സാഗരം
ആറാടിമേവുന്നു എൻ മനക്കൺകളിൽ ..
കാലൊച്ച കേൾക്കുവാൻ കാതോർത്തു ഞാനിരു-
ന്നീരാവിൽ കണ്ണുകൾക്കന്യമായ് നിദ്രയും ,
കണ്ണാ, നീ വരുകില്ലേ, എൻ ബാഷ്പ സാഗരം
കൊണ്ടു നിൻ പാദങ്ങൾ കഴുകിടാമിന്നു ഞാൻ..
കാണാതെ കേഴുന്നു കണ്ണാ ഞാൻ ,എന്നുമെൻ
കൺവിളക്കണയാതെ കാത്തു കൊള്ളേണമേ...
Not connected : |