മെട്രോ ട്രെയിന്‍  - തത്ത്വചിന്തകവിതകള്‍

മെട്രോ ട്രെയിന്‍  

മെട്രോ ട്രെയിന്‍
----------------------

1

അതേ
മെട്രോ ട്രെയിനുകള്‍
ഓടിത്തുടങ്ങിയിരിക്കുന്നു
വര്‍ഗ്ഗീസേട്ടന്‍റെയും
വിജയേട്ടന്‍റെയും
ബഷീറിക്കയുടെയും
അന്നമ്മച്ചേടത്തിയുടെയും
കുടിലുകളുണ്ടായീരുന്നിടത്തൂടെ
അവര്‍ക്കൊന്നും കൈയ്യെത്താത്ത
ഉയരത്തില്‍
അവര്‍ക്കൊന്നും ഓടി
ഒപ്പമെത്താനാകാത്ത വേഗത്തില്‍.

2

അതിനുശേഷം
നിങ്ങളവരെ കണ്ടോ ?
ഞങ്ങള്‍ കണ്ടില്ല
നിങ്ങളവരെ അന്വേഷിച്ചോ ?
ഞങ്ങളന്വേഷിച്ചില്ല
അവരിന്നേതെങ്കിലും മണ്ണില്‍
വേരുറയ്ക്കാതെ
പരാതികളില്ലാതെ
ജീവിച്ചിരിപ്പുണ്ടാവാം
ചിലപ്പോള്‍ മരിച്ചിട്ടുമുണ്ടാവാം
നമുക്കറിയില്ല
നമ്മളറിയാന്‍ ശ്രമിച്ചില്ല
നമുക്കറിയണ്ട
ആശ്വാസം !

3

ദാ അവിടെയായിരുന്നു
അവരുടെ സമരപ്പന്തല്‍.

4

ഒരിക്കലവരുടെ നിലവിളിക്ക്
ചെവി കൊടുക്കാതിരുന്നവര്‍
ഇന്ന് ട്രയിനുകളുടെ
ശബ്ദങ്ങള്‍ക്കായി
കാതോര്‍ത്തിരിക്കുന്നു
അവരെ കണ്ടില്ലെന്നു നടിച്ചവര്‍
ട്രെയിനുകള്‍ കണ്ടാഹ്ളാദിക്കുന്നു
അഹങ്കാരത്തോടെ അട്ടഹസിക്കുന്നു
ഇതാ ട്രെയിന്‍.... ഇതാ ട്രെയിന്‍.

5

കോളനിക്കാരോട്
എല്ലാവര്‍ക്കും വിരോധമാണ്
അറപ്പോടുകൂടിയേ പലരും
അവരെ കണ്ടിട്ടുള്ളൂ
കൂലിപ്പണിക്കാരായ
അവര്‍ക്കിടയില്‍ ഹിന്ദുവോ
ക്രിസ്ത്യാനിയോ മുസ്ളീമോ
കറുത്തവരോ വെളുത്തവരോ
ഉണ്ടായിരുന്നില്ല
എല്ലാവരും മനുഷ്യരായിരുന്നു
അവരങ്ങനെയേ
പരസ്പരം കണ്ടിരുന്നുള്ളൂ.

6

നിങ്ങളാ പുളിമരം കണ്ടിട്ടുണ്ടോ?
കണാരേട്ടന്‍ തൂങ്ങി നിന്നാടി
സമരം ചെയ്ത പുളിമരം , 
അവിടെ ഇപ്പോളൊരു
കോണ്‍ക്രീറ്റു മരമാണ്
ആ മരംവെട്ടണമെങ്കില്‍
ഇന്നിയിത്തിരി പുളിയ്ക്കും.

7

ഒരിക്കലവരുടെ സമരത്തെ
ക്യാമറാക്കണ്ണുകള്‍
ഒപ്പിയെടുത്തിട്ടുണ്ട്
സായ്ഹന പത്രത്തിലൊരു
നാലുവരി വാര്‍ത്ത
അവര്‍ക്കുവേണ്ടിയും വന്നിട്ടുണ്ട്
പക്ഷേ അതുകണ്ട്
ആരുടെയും കണ്ണു നനഞ്ഞില്ല
അന്തിച്ചര്‍ച്ചകളില്‍
അവര്‍ക്കുവേണ്ടി മീണ്ടാന്‍,
അവരുടെ കണ്ണീരൊപ്പാന്‍
ആരും മുന്നോട്ടു വന്നില്ല.

8

കൊടിവെച്ച കാറുകള്‍
അവരുടെ കോളനിയിലേക്കും
ചീറിപ്പാഞ്ഞെത്തി
വാഗ്ദാനപ്പെരുമഴ പെയ്തു,
അതില്‍ നനയാതിരിക്കാന്‍
അവര്‍ പ്രതിരോധത്തിന്‍റെ
കുട ചൂടി
ഫലമുണ്ടായില്ല
അധികാരത്തിന്‍റെ പ്രളയത്തില്‍പ്പെട്ട്
അവരുടെ കുടിലുകളോരോന്നായി
കുത്തിയൊലിച്ചു പോയി.

10

അവിടെ ഒരു അമ്പലമുണ്ടായിരുന്നെങ്കില്‍
പള്ളിയോ മോസ്കോ ഉണ്ടായിരുന്നെങ്കില്‍
ആരെങ്കിലുമൊക്കെ
അവരുടെ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം
പ്രഖ്യാപിച്ചേനെ
ഒരുപക്ഷേ ആ പാത തന്നെ
അങ്ങനെ വഴിമാറിപ്പോയേനെ,
മനുഷ്യര്‍ക്കുവേണ്ടി ശബ്ദിക്കാന്‍
തയ്യാറല്ലെന്നേയുള്ളു
മൃഗങ്ങള്‍ക്കുവേണ്ടിയും
ദൈവങ്ങള്‍ക്കുവേണ്ടിയും
ആവോളം നമ്മളോച്ചവെക്കും
ഏതറ്റംവരെയും പോകും .

10

വന്നത് വികസനമാണെന്നറിഞ്ഞത്
പിറ്റേന്നത്തെ പത്രം വായിച്ചപ്പോഴാണ്
ഇങ്ങനെയാണോ വികസനം വരിക?
അറിയില്ല ഇങ്ങനെയുമാകാം !
ഇങ്ങനെ വികസനം വന്നാല്‍
അപ്പോ മനുഷ്യരെവിടെ പോകും ?
എവിടേക്കെങ്കിലും പോകട്ടെ !
എല്ലാ മനുഷ്യര്‍ക്കും വേണ്ടി
വരേണ്ടതല്ലേ വികസനം ?
ആവോ ആര്‍ക്കറിയാം !
എന്തായാലും വന്നു
ഇനി അതിലൊന്നു കയറണം.

11

ഇന്ന് ഈ ട്രെയിനിലിരിക്കുമ്പോള്‍
എനിക്കു വല്ലാത്തൊരാശ്വാസമാണ്
ഞാനാ കോളനിയിലല്ലല്ലോ
ജനിച്ചത് എന്ന ആശ്വാസം
കുടിയിറക്കപ്പെട്ടവരുടെ കൂട്ടത്തില്‍
ഞാനുണ്ടായില്ലല്ലോ
എന്ന ആശ്വാസം !
ഏറ്റവും വേഗത്തില്‍ എനിക്കു
സഞ്ചരിക്കാനാകുന്നുണ്ടല്ലോ
എന്ന ആശ്വാസം !
ഞാനിപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ
എന്ന ആശ്വാസം !
ഹൊ ഇത്....
വല്ലാത്ത ഒരാശ്വാസംതന്നെ.

                      ശരത് സിത്താര


up
0
dowm

രചിച്ചത്:ശരത് സിത്താര
തീയതി:04-01-2017 05:42:07 PM
Added by :Sarath Sithara
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :