ശ്മശാനഭൂമി
ശ്മശാനഭൂമി
--------------------
കടല് കാതങ്ങള്ക്കക്കരെ
മഴ മണ്ണിലേക്കൂളിയിട്ട
ഭൂതകാല പാതകള്ക്കുമക്കരെ
ശ്മശാനഭൂമി...
കത്തുന്ന സൂര്യന് പകല്-
ച്ചില്ലയില് പൂക്കുന്നു രാവിലും
ഉഷ്ണം നിലക്കാതെ പെയ്യുന്നു
നാം പൊള്ളി വീഴുന്നതെവിടെയോ
ആയിടത്തണ് ശ്മശാനഭൂമി...
വെയില് വിവസ്ത്രയാക്കിയവളുടെ
മാറ് പഴുത്ത മണല്ക്കാട്
പൊക്കിള്ച്ചുഴിയില് ആണ്ടുപോയ
മണല് നിറച്ചൊരു വഞ്ചി
വറ്റിവരണ്ട കണ്കയങ്ങള്
കൈവഴികളില് പരല്ജഡങ്ങളെ
ചൂണ്ടയിടുന്ന പൊന്മാന്ഫോസില്
മറ്റൊരു ശ്മശാനഭൂമി.
കരിമേഘങ്ങള് കരഞ്ഞു നീലിച്ച
കടല് കവിള്ത്തടങ്ങള്‍
വറ്റിവരണ്ടിന്നേതോ ലോകം..
ഉപ്പേറിയ കുന്നുകള്ക്കപ്പുറം
ഉപ്പു പാടങ്ങളും കൊക്കകളും
നിലവിളി പാതിയിലുപേക്ഷിച്ച
ഒരു തിരമാല നിലച്ചു പോയിടം
ശ്മശാനഭൂമി..
നമുക്കിടയിലും ചുറ്റും
തീക്കാറ്റു വീശുന്നു
കാട്ടുതീ പടരുന്നു നാട്ടിലും
പച്ച മരങ്ങളില്ല മനുഷ്യരും
കത്തിത്തീര്ന്നതെല്ലാം
ഇന്നിത്തിരി ചാരം...
ഇതാണ് ശ്മശാനഭൂമി
ഇതാണ് ശ്മശാന ''ഭൂമി '' !!
ശരത് സിത്താര
Not connected : |