നിർവൃതി
കണ്ണാ നീ എന്റെയുള്ളിൽ പടരുമൊരുന്മാദമായി ..
കണ്ണിമ ചേർത്താൽ ഞാനിന്നു കാണ്മൂ നിൻ മോഹന രൂപം..
നെഞ്ചിലെ തുടിപ്പുകൾക്കു നിൻ നൃത്തത്തിൻ താളലയം,
കണ്ണിലെ തേടലിനിന്നു കൽക്കണ്ട തേൻ മധുരം..
കാണാതെ കാണുന്നു ഞാൻ എന്നും നിൻ ഓരോ ഭാവം ..
കാണാതെ അറിയുന്നൂ ,എന്നും നിൻ മൃദുസ്പർശം..
അലിവിന്റെ ആനന്ദത്തിന്റെ അനിർവചനീയമാം സ്പർശം..
കനിവിൻ കടാക്ഷം നിൻ നിർമ്മലമാം മൃദുസ്പർശം..
ആൾക്കൂട്ടത്തിലാരും പരിചിതരല്ലെങ്കിൽ പോലും,
ആലിലക്കണ്ണാ,നീയെൻ കൂടെയുണ്ടെന്നു തോന്നും..
ഒറ്റക്കല്ലെന്നു തോന്നും, ഓടക്കുഴൽ പാട്ടൊന്നു കേട്ടാൽ,
ഓർമ്മകൾ നൃത്തം വെക്കും മനക്കണ്ണിൽ ,ചേതോഹരം ..
മഞ്ജുളാകാന്തൻ നീയെൻ പുഞ്ചിരി തേന്മൊഴി തീർത്ഥം..
മായ്ക്കാതെ കാത്തു കൊള്ളേണമേ കല്പാന്തകാലത്തോളം...
Not connected : |