സാന്ത്വനം
നിന്നെയൊന്നാശ്വസിപ്പിക്കാനിന്നെളുതല്ല
പിന്നെയെനിക്കെന്തിനീ ജന്മം വ്യർത്ഥമായ്
കൺകളിൽ നിറയുമാ ശൂന്യത കണ്ടു ഞാൻ
കണ്ണിലുറങ്ങാത്ത കൺതിരി റാന്തലും
നെഞ്ചിലെ നീറുന്ന കനലുമായ് വിഹ്വലം
ചഞ്ചലമാനസം ചാമരം വീശിടും
കണ്ണിമ വെട്ടാതെ കാക്കും ദിനേ ദിനേ
കാന്തൻ നിൻ കണ്ണുനീർ വറ്റാത്ത ധാരയായ് ..
എന്തിനായ് തേടുന്നു മാനവർ നിസ്ത്രപം
വിണ്ണവൻ കയ്യിലാണെൻറെയും നിന്റെയും
ജാതകം, ജീവനം, ജീവിതം നശ്വരം
ഭീതിദമാകിലും ഭീരുവാകീടൊലാ..
സാന്ത്വനമെന്നതു വാക്കിലും നോക്കിലും
ആലിംഗനത്തിന്റെ ആശ്വാസസ്പർശമായ്
കാതങ്ങൾക്കിപ്പുറം കൂട്ടായി കണ്ണുനീർ
വാർക്കുന്ന തോഴിയായ്, നിശ്ചേഷ്ട ചേതസാ ...
Not connected : |