സംഗമസന്ധ്യ
ഏതോ ജന്മത്തിലെന്നെ അർദ്ധാംഗിണിയാക്കിയവൻ നീ
ജന്മാന്തരങ്ങൾക്കുമിപ്പുറമിന്നു മറവിയിലാണ്ടതെന്തേ ?
ഓർമ്മകളുടെ നിലയില്ലാക്കയങ്ങളുടെ അഗാധതയിലൊന്നും
എന്റെ മുഖമോർമ്മിച്ചെടുക്കാൻ എന്തേ നിനക്കാവതില്ലേ ?
കല്പാന്തകാലത്തോളം കാതരയായി കേണലയും
കന്യകയാം എന്റെ കണ്ണീർ കാളിന്ദിയായ് വീണൊഴുകും
കണ്ണാ നീ കാരുണ്യത്തിൻ കാളിന്ദിയാണെന്നെനിക്കറിയാം
കാളിയനാം മറവിയുടെ മൂർദ്ധാവിൽ നീ ചവിട്ടിയാടൂ...
പൊൻമുകുളങ്ങളിന്നെന്റെ നെഞ്ചിൽ പുതുനാമ്പുകളായ് വിരിയട്ടെ
പുളകത്തിൻ വെൺകതിരുകൾ അലയൊലിയാൽ തഴുകട്ടെ
കണ്ണിമകളിൽ കാത്തിരുപ്പിൻ കാർമുകിൽ പെയ്തൊഴിയട്ടെ
കത്തിനിൽക്കും ഉച്ചവെയിലിൻ പൊന്നുരുകി പടരട്ടെ
എന്റെ നെഞ്ചിൽ പെരുമ്പറയായ് നിന്റെ നാമം തുടികൊട്ടും
എന്റെ കാലിൽ ചിലമ്പൊലിയായ് നിന്റെ നാമം ചിതറി വീഴും
എന്റെ നിശ്വാസത്തിനലകൾ മന്ദമാരുതനായിന്നു വീശും
എന്റെ കവിളിൻ കുങ്കുമത്താൽ സന്ധ്യക്കിന്നു സിന്ദൂരമേകും
സംഗമത്തിൻ സ്വപ്നമിന്നു പൊന്നുഷസ്സുപോൽ വിടർന്നിടുമ്പോൾ
നെഞ്ചിലൊഴുകും മുരളീഗാനം കണ്ണാ നിൻ പാദത്തിലർപ്പിതം...
Not connected : |