എന്റെ മലയാളം
പിഞ്ചുകാലടി വെച്ചെന്ടെ മുറ്റത്ത്
കൊഞ്ചി ഞാൻ ചൊല്ലി ആദ്യം മലയാളം
അമ്മയെന്ന് വിളിച്ചതു കേട്ടുടൻ
ഹർഷമുൾക്കൊണ്ടു നിന്നൂ ജനനിയും
മണ്ണിൽ ഞാൻ വരച്ചിട്ട സ്വരങ്ങളും
വാദ്യഘോഷം മുഴക്കുന്ന വ്യഞ്ജനം
കൂട്ടുകാരായ കൂട്ടക്ഷരങ്ങളും
കൈപിടിച്ചോരെൻ ആദ്യവിദ്യാലയം
തുഞ്ചനരുമയായ് പാലിച്ച പൈങ്കിളി
പാട്ടു പാടിപറന്ന വിദ്യാലയം
കുഞ്ചനേകിയ പുഞ്ചിരിച്ചിന്തയെ
നെഞ്ചിലേറ്റിയോരാദ്യ വിദ്യാലയം
വള്ളത്തോളിന്ടെ വാക്മയ ചിത്രവും
ഉള്ളൂരേകിയ പ്രേമപ്രതീക്ഷയും
കൂട്ടിച്ചേർത്തുകുഴച്ചെടുത്തുള്ളിലായ്
വാർത്തെടുത്തു ഞാൻ കൈരളീ വിഗ്രഹം
സന്ധ്യസിന്ധൂരം വാരിവിതറവേ
ചിന്ത പൂകിയ സീതയെ കണ്ടു ഞാൻ
അക്ഷരപെരും കടലിന്ടെ തീരത്തായ്
അക്ഷമയോടെ നിൽക്കുന്ന പൈതൽ ഞാൻ
അനുദിനം നിന്നെ ചാർത്തുന്നു കവികുലം
അനുപമമായ കാവ്യങ്ങൾ കൈരളീ
സന്തതമെന്ടെ ചിന്തയിൽ വന്നുനിന്നുക്തികൾ
കൊണ്ടു നൃത്തമാടുന്ന നിൻ
കാൽക്കൽ വയ്പ്പൂ ഞാനെന്നിളം തൂലിക
കൺകളാൽ നീ കടാക്ഷിക്ക ദേവതേ.........
Not connected : |